മെഹുല്‍ ചോക്‌സിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കി(പി.എന്‍.ബി)ല്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുത്തു മുങ്ങിയ കേസിലെ പ്രധാന പ്രതിയായ വ്യവസായി മെഹുല്‍ ചോക്‌സിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജ്വല്ലറി ഗ്രൂപ്പായ ഗീതാഞ്ജലി ജെംസ് ഉടമയായ മെഹുല്‍ ചോക്‌സിയെകൂടാതെ എട്ടുവ്യക്തികള്‍ക്കും അഞ്ചുസ്ഥാപനങ്ങള്‍ക്കുമെതിരെയും പരാമര്‍ശമുണ്ട്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാലാംവകുപ്പ് ആണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി.
തനിക്കെതിരായ ജാമ്യമില്ലാ വാറണ്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ മെഹുല്‍ ചോക്‌സി ഹരജി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുകയാണെന്നും ജയിലില്‍ വരെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നുമുള്ള വിചിത്ര വാദമാണ് ഹരജിയില്‍ മെഹുല്‍ ചോക്‌സി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളം മുടങ്ങിയ തന്റെ കമ്പനിയുടെ ജീവനക്കാര്‍, കേസില്‍ അറസ്റ്റിലായവരുടെ കുടുംബങ്ങള്‍, ഭൂവുടമകള്‍, വായ്പ നല്‍കിയവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ അസംതൃപ്തരാണ്. തന്റെ സ്ഥാപനങ്ങളിലെ വ്യവസായം നിന്നു. ഈ സാഹചര്യത്തില്‍ ജയിലിടക്കം താന്‍ ആ ക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചോക്‌സി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി കോടതി പിന്നീട് പരിഗണിക്കും. പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രധാനപ്രതിയായ നീരവ് മോദിയുടെ അമ്മാവനാണ് ചോക്‌സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."