പ്രവാസികള്‍ക്ക് ദുരിതക്കടല്‍: വിമാനയാത്രാകൂലി 40 ശതമാനം വരെ വര്‍ധിച്ചേക്കും
കോഴിക്കോട്: പ്രവാസികള്‍ക്ക് കൊവിഡ് നല്‍കുന്നത് അറുതിയില്ലാത്ത ദുരിതങ്ങള്‍.തൊഴില്‍ നഷ്ടവും തൊഴില്‍ മേഖലയില്‍ ഉണ്ടാകാനിടയുള്ള മറ്റു പ്രതിസന്ധികള്‍ക്കും പുറമെ വിമാനയാത്രയ്ക്കായി സമ്പാദ്യത്തിന്റെ വലിയ പങ്ക് ചെലവാക്കേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ നാല്‍പത് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള വ്യോമയാന മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നിരക്ക് വര്‍ധന തന്നെയാണ് പ്രധാനമായുണ്ടാവുക. ചുരുങ്ങിയത് മൂന്നു വര്‍ഷക്കാലത്തെ പ്രയത്‌നത്താല്‍ മാത്രമേ വ്യോമയാന മേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനാവൂ എന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.കൊവിഡ് വൈറസ് അത്രയെളുപ്പത്തില്‍ വിട്ടുപോവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ വിമാനയാത്രാ ചെലവുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.നിലവില്‍ ഈടാക്കുന്ന നിരക്ക് തന്നെ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതലാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
സാമുഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തിന്റെ മധ്യത്തിലുള്ള സീറ്റുകളില്‍ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം കൂടി വന്നതോടെ വന്‍തോതിലുള്ള നിരക്ക് വര്‍ധനവാണ്് വരാനിരിക്കുന്നത്.കോടതി ഉത്തരവ് പാലിക്കേണ്ടി വന്നാല്‍ നിരക്ക്‌വര്‍ധനവല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ പ്രവാസികളെ കൊണ്ടു വരുന്നതിന് ഇത്തരം നിബന്ധനകളൊന്നും എയര്‍ ഇന്ത്യ പാലിക്കുന്നില്ല. സാമൂഹിക അകലം പാലിക്കാത്തതിനെതിരേ യാത്രക്കാരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ പരാതികള്‍ ഉയരുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യം മാറി വിമാനസര്‍വീസുകള്‍ സാധാരണ നിലയില്‍ ആയാലും ഇനിയും കുറെകാലത്തേക്കെങ്കിലും പഴയ രീതിയിലുള്ള നിരക്കിനി സര്‍വീസുകള്‍ സാധ്യമാകില്ലെന്നാണ് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ പറയുന്നത്. കാബിന്‍ ക്രൂ ഉള്‍പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സുരക്ഷാ കിറ്റുകള്‍ഒരുക്കുന്നതുള്‍പ്പെടെയുളള അധിക ചെലവുകളാണ് വിമാനക്കമ്പനികളെ കാത്തിരിക്കുന്നത്. സര്‍വീസിന് മുമ്പും ജീവനക്കാരുടെ ആരോഗ്യപരിശോധന ഉള്‍പെടെയുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടി വരും. ഇതിനു പുറമെ മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരു ഭാഗം ഒഴിച്ചിട്ട് സര്‍വീസ് നടത്തണമെന്ന നിര്‍ദേശം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ വിമാന ടിക്കറ്റിന് പണംകണ്ടെത്താന്‍ പ്രവാസികള്‍ നന്നായി വിയര്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."