ട്രെയിനുകളില്‍ വന്‍തിരക്ക്; പരിശോധകര്‍ക്ക് ചാകര
കാഞ്ഞങ്ങാട്: വേനലവധി ആരംഭിച്ചതോടെ ട്രെയിനുകളിലെ കനത്ത തിരക്കില്‍ ടിക്കറ്റ് പരിശോധകര്‍(ടി.ടി.ഇ)ക്ക് ചാകരയാകുന്നു. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുത്ത് കണ്‍ഫേം ആകാതെ കയറുന്ന യാത്രക്കാരെയും ആര്‍.എ.സി ടിക്കറ്റുമായി യാത്രചെയ്യുന്നവരെയുമാണ് ടി.ടി.ഇമാരുടെ പിടി ദുരിതത്തിലാക്കുന്നത്.
ബര്‍ത്തുകള്‍ ഒഴിവു വന്നാല്‍ ആര്‍.എ.സികാര്‍ക്കും പിന്നീട് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും നല്‍കണമെന്ന നിയമം മറികടന്നാണ് ജനറല്‍ ടിക്കറ്റുമായി കോച്ചില്‍ കയറുന്നവരില്‍ നിന്ന് ഇരട്ടിയും അതിലധികവും തുക ഈടാക്കി ടി.ടി.ഇമാര്‍ ലാഭം കൊയ്യുന്നത്.
കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്കുണ്ടായ അനുഭവമാണ് ടി.ടി.ഇമാരുടെ പിടിച്ചുപറി ബോധ്യപ്പെടുത്തിയത്. കാസര്‍കോട് ഭാഗത്ത് നിന്നു പോയ ചിലര്‍ ഷൊര്‍ണൂരില്‍ നിന്നു പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസില്‍ കയറുന്നതിന് വേണ്ടി ജനറല്‍ ടിക്കറ്റുമായി ടി.ടി.ഇയെ സമീപിച്ചതോടെയായിരുന്നു കൊള്ള പുറത്തായത്. കോച്ചുകള്‍ മുഴുവന്‍ ഫുള്ളാണെന്നും ആര്‍.എ.സി പോലും ക്ലിയറായില്ലെന്നും ടി.ടി.ഇ പറഞ്ഞു. ഇതോടെ ജനറല്‍ കോച്ചില്‍ കയറാന്‍ ഒരുങ്ങിയ രണ്ടു പേരോട് 450 രൂപ വീതം നല്‍കുകയാണെങ്കില്‍ രണ്ടു സീറ്റു തരാമെന്ന് ടി.ടി.ഇ പറഞ്ഞു.
ഇരിക്കാനുള്ള സീറ്റ് മാത്രമാണ് നല്‍കാമെന്ന് ഏറ്റത്. യാത്രക്കാര്‍ 900 രൂപ നല്‍കി ഈ സീറ്റുകള്‍ തരപ്പെടുത്തുകയായിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നു ഈടാക്കിയ തുകയില്‍ നിന്നു രണ്ടു സീറ്റുകള്‍ക്കും കൂടി മുന്നൂറു രൂപക്കാണ് രസീത് നല്‍കിയത്. ടി.ടി.ഇ കൈക്കലാക്കിയത് അറുന്നൂറു രൂപ. ഈ തരത്തിലാണ് ട്രെയിനുകളില്‍ ഇവര്‍ പിടിച്ചുപറി നടത്തുന്നത്.
ജനറല്‍ ടിക്കറ്റുമായി കയറുന്നവര്‍ ബര്‍ത്തുകളും സീറ്റുകളും ഈ രീതിയില്‍ കരസ്ഥമാക്കുന്നതോടെ ആര്‍.എ.സി, വെയ്റ്റിങ് ലിസ്റ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കടുത്ത ദുരിതം അനുഭവിച്ച് യാത്ര പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
കഴിഞ്ഞ ദിവസം രാത്രി നാഗര്‍കോവിലില്‍ നിന്നു ഗാന്ധിധാമിലേക്കു പോയ ട്രെയിനിലും ഇതായിരുന്നു അവസ്ഥ. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും ഒരു കൂട്ടം യാത്രക്കാര്‍ ദുരിതം അനുഭവിച്ചു.
അതേ സമയം ജനറല്‍ ടിക്കറ്റുമായി തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് നിന്നും കയറിവര്‍ക്ക് കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്ക് 400 രൂപ വീതം ഈടാക്കി ബര്‍ത്തുകള്‍ നല്‍കിയതായി ദൃക്‌സാക്ഷികളായ യാത്രക്കാര്‍ ആരോപിച്ചു. ഇത് യാത്രക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയെങ്കിലും അമിത തുക കൈപറ്റിയ ടി.ടി.ഇമാര്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി ഷൊര്‍ണൂരില്‍ ഇറങ്ങി. ഇതോടെ കാസര്‍കോട് വരെ റിസര്‍വേഷന്‍ ടിക്കറ്റെടുത്തവര്‍ക്ക് 14 മണിക്കൂറോളം നിന്നു യാത്ര ചെയ്യേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."