നിലക്കാതെ സാംബാ താളം
ഓട്ക്രിറ്റി അരീന: നിര്‍ണായക മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കാനറിപ്പട പ്രീ ക്വാര്‍ട്ടറില്‍ കയറി. ബ്രസീലിന് വേണ്ടി പൗളിഞ്ഞോ (36), തിയോഗോ സില്‍വ (68) എന്നിവര്‍ ഗോള്‍ നേടി. രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ബ്രസീലിന്റെ കുതിപ്പ്. ജൂലൈ രണ്ടിന് ഇന്ത്യന്‍ സമയം രാത്രി 7.30ന് സാമറ അരീന സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍.
ബ്രസീലിനോട് പരാജയപ്പെട്ട സെര്‍ബിയ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ സെര്‍ബിയക്കെതിരേ 4-3-3 ശൈലിയലാണ് ടിറ്റെ ടീമിനെ ഇറക്കിയത്. ഇടതു വിങ്ങില്‍ നെയ്മറും വലതു വിങ്ങില്‍ വില്യനും സെന്‍ഡ്രല്‍ സ്‌ട്രൈക്കറായി ജീസസും ഇറങ്ങി. പിന്നില്‍ കുട്ടീഞ്ഞോ, കസെമിറോ, പൗളിഞ്ഞോ എന്നിവരെയും അണിനിരത്തിയ ബ്രസീല്‍ ജയം മാത്രം കണ്ടാണ് ഇന്നലെ കളിച്ചത്. തുടക്കത്തില്‍ തന്നെ ഇടതു വിങ്ങിലെ പ്രതിരോധ ഭടന്‍ മാഴ്‌സലോക്ക് പരുക്ക് പറ്റിയെങ്കിലും പകരമിറങ്ങിയ ഫിലിപ്പെ ലൂയിസ് തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. മറുവശത്ത് അലക്‌സാണ്ടര്‍ മിട്രോവിച്ചിനെ മാത്രം മുന്നില്‍ നിര്‍ത്തി പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് സെര്‍ബിയ കളിച്ചത്. ഇടക്ക് കൗണ്ടറിലൂടെ സെര്‍ബിയ കളിയിലേക്ക് തിരിച്ചു വന്നെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
മത്സരത്തിന്റെ 25-ാം മിനുട്ടില്‍ പന്തുമായി ബോക്‌സില്‍ കയറിയ നെയ്മര്‍ പന്ത് ജീസസിനു കൊടുത്തു. ബോക്‌സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് റാഞ്ചിയെടുത്ത് ഗോള്‍വല ലക്ഷ്യം വച്ച് നെയ്മര്‍ തൊടുത്ത് ഷോട്ട് സെര്‍ബിയന്‍ ഗോള്‍കീപ്പര്‍ സ്റ്റോക്കോവിച്ച് രക്ഷപ്പെടുത്തി. ബ്രസീലിനെ പ്രതിരോധകോട്ടയിലിട്ട് പൂട്ടിയ സെര്‍ബിയയെ പൊളിച്ചത് കുട്ടീഞ്ഞോ ആയിരുന്നു. 36-ാം മിനുട്ടില്‍ മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് സെര്‍ബിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ കുട്ടീഞ്ഞോ ഗോള്‍ മുഖത്തേക്ക് ചിപ്പ് ചെയ്ത നല്‍കിയ പന്ത് ആദ്യ സ്പര്‍ശത്തില്‍ തന്നെ ഓടിയടുത്ത ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ പൗളീഞ്ഞോ വലയിലാക്കി (1-0). രണ്ടാം പകുതിയില്‍ സമനിലയിലക്ക് വേണ്ടിയുള്ള സെര്‍ബിയന്‍ ശ്രമത്തിനിടെ ബ്രസീല്‍ 68-ാം മിനുട്ടില്‍ രണ്ടാം ഗോളും സ്വന്തമാക്കി.
നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ന്ന് ചാടിയ തിയാഗോ സില്‍വ പവര്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (2-0). രണ്ട് ഗോള്‍ വീണതോടെ സാധ്യതകള്‍ അസ്തമിച്ച സെര്‍ബിയ കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സര്‍ലന്റാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. മൂന്നും നാലും സ്ഥാനം നേടിയ സെര്‍ബിയയും കോസ്റ്ററിക്കയും പുറത്തായി. പ്രീക്വാര്‍ട്ടറില്‍ സ്വീഡനാണ് സ്വിറ്റ്‌സര്‍ലന്റിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."