പൊതുവഴി അടച്ചതിനെതിരേ ധര്‍ണ നടത്തുമെന്നു കുട്ടംകുളം സമര സമിതി
തൃശുര്‍: കുട്ടംകുളം സമരത്തിലൂടെ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു തുറന്നുകൊടുത്ത പൊതുവഴി അടച്ച കൂടല്‍മാണിക്യക്ഷേത്ര ദേവസ്വം ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തുമെന്ന് കുട്ടംകുളം സമര ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 500ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പെരുവല്ലിപ്പാടം ഭാഗത്തേക്ക് ക്ഷേത്രത്തിനു സമീപമുള്ള വഴിയാണ് ദേവസ്വം അടച്ചുകെട്ടിയത്.
പൊതുവഴി അടച്ചതിലൂടെ 1989ല്‍ പാര്‍ലമെന്റ് പാസാക്കിയ എസ്.സി-എസ്.ടി ആക്ടിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. പൊതുവഴി അടച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഭരണാധികാരികള്‍ പൊതുവഴി തുറന്നുകൊടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തെ മായ്ച്ചുകളയാനാണു കൂടല്‍മാണിക്യക്ഷേത്ര ദേവസ്വം ശ്രമിക്കുന്നത്. ഇതിനെ എതിര്‍ക്കേണ്ട മുനിസിപ്പാലിറ്റിയും ജനപ്രതിനിധികളും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വഴി അടച്ചുകെട്ടുക എന്നതു കേരളത്തില്‍ നിന്നും മാറ്റപ്പെട്ട സവര്‍ണജാതി മേല്‍ക്കോയ്മ തിരികെ കൊണ്ടുവരാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
12നു രാവിലെ 10നു കൂടല്‍ മാണിക്യം ദേവസം ഓഫിസിനു മുന്നില്‍ ബഹുജന ധര്‍ണ നടക്കും.
പത്രസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ രാജേഷ് അപ്പാട്ട്, കെ.വി പുരുഷോത്തമന്‍, എം.യു ആല്‍ബിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."