സഊദിയിലെ കർഫ്യു ഇളവ്: ഒന്നാം ഘട്ടത്തിനു തുടക്കമായി
റിയാദ്: സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള കർഫ്യു ഇളവിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. വ്യാഴം രാവിലെ 6 മണി മുതൽ മക്കയൊഴികെയുള്ള രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും കർഫ്യൂ ഒന്നാം ഘട്ട ഇളവ് ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആരംഭിച്ച ഒന്നാം ഘട്ടത്തിൽ രാവിലെ ആറു മുതൽ വൈക്കീട്ട് മൂന്ന് വരെയുള്ള സമയങ്ങളിൽ മക്ക ഒഴികെയുള്ള മറ്റു മേഖലകളിൽ യാത്രാ ചെയ്യാനാകും. കർഫ്യു ഇല്ലാത്ത സമയങ്ങളിൽ സ്വകാര്യ കാറുകളിലും യാത്ര അനുവദിക്കും. ചില്ലറ, മൊത്ത സ്ഥാപനങ്ങളും മാളുകളും തുറക്കും. അതേ സമയം ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങി ശാരീരിക അകലം പാലിക്കാൻ സാധിക്കാത്ത മേഖലകൾക്കുള്ള വിലക്ക് തുടരും. അമ്പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല. എല്ലാ സ്വദേശികളും വിദേശികളും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണമെന്നും കൈകൾ നന്നായി കഴുകണമെന്നും അതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും സഊദി ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്‌തു. അതേ സമയം മക്കയിലും മക്കയിലെ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിൽ ഉള്ളവർക്കും കർഫ്യൂവിൽ ഇളവ് ഉണ്ടാകില്ല.
മെയ് മുപ്പത് മുതൽ ജൂൺ 20 വരെയുള്ള രണ്ടാം ഘട്ടത്തിൽ മക്കയൊഴികെ എല്ലാ മേഖലകളിലുമുള്ള യാത്രാ അനുമതി രാത്രി എട്ട് മണി വരെയാക്കി ഉയർത്തും. ജോലി സ്ഥലങ്ങളിലെ വിലക്ക് നീക്കുന്നതോടെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപന ജോലിക്കാർക്ക് കർശന നിയന്ത്രണങ്ങളോടെ ജോലിക്ക് ജോലിക്ക് ഹാജരാവാം. ഗവണ്മെന്റ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. വേണ്ട രീതിയിലുള്ള മുൻകരുതൽ സ്വീകരിച്ച് ആഭ്യന്തര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതും രണ്ടാം ഘട്ടത്തിലാണ്. വ്യോമയാന, ആരോഗ്യ മന്ത്രാലയ നിർദേശങ്ങളോടെയായിരിക്കും അനുമതി. വിവിധ ഗതാഗത രീതികൾ രീതികൾ ഉപയോഗിച്ച് രാജ്യത്തിലെ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാ വിലക്ക് നീക്കും.
റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണപാനീയങ്ങൾ വിളമ്പാൻ അനുവദിക്കും.എന്നാൽ, ഈ ഘട്ടത്തിലും ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവ തുറക്കാൻ അനുവാദമുണ്ടാകുകയില്ല. കൂടാതെ, വിവാഹങ്ങളും ഖബറടക്ക ചടങ്ങുകൾ പോലെയുള്ള അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കും വിലക്ക് തുടരും. ജൂൺ 21 മുതലുള്ള മൂന്നാം ഘട്ടത്തിൽ മക്കയൊഴികെയുള്ള രാജ്യത്തെ മറ്റിടങ്ങൾ പൂർവ്വ സ്ഥിതിയിലേക്ക് മാറുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മക്കയിൽ ആദ്യ ഘട്ട കർഫ്യു ഇളവ് ഞായാറാഴ്ച മുതലും രണ്ടാം ഘട്ടം അടുത്ത മാസം 21 മുതലുമാണ് ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."