യമനിലുള്ള സവാദിനെ പൊലിസ് ബന്ധപ്പെട്ടു; തീവ്രവാദ സംഘത്തില്‍ ഉള്‍പ്പെട്ടതായി തെളിവില്ലെന്ന്
കാസര്‍കോട്: മൊഗ്രാല്‍ സ്വദേശിയായ സവാദും കുടുംബവും യമനിലുള്ളതായി പൊലിസ് സ്ഥിരീകരിച്ചു. ഇവരെ കാണാനില്ലെന്ന പരാതി അന്വേഷിക്കുന്ന കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമാണ് സവാദിനെ ബന്ധപ്പെട്ടത്. ഇവരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങള്‍ക്കു കിട്ടിയതായി സി.ഐ. അബ്ദുല്‍ റഹീം പറഞ്ഞു. പാസ്പോര്‍ട്ടിന്റെയും മറ്റു രേഖകളുടേയും പകര്‍പ്പുകള്‍ അയച്ചു തരണമെന്ന് പൊലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സവാദ് രേഖകള്‍ പൊലിസിന് അയച്ചു കൊടുക്കുകയായിരുന്നു. ദുബൈയിലേക്ക് പോയ സവാദിനെയും കുടുംബത്തെയും കാണാനില്ലെന്ന് ഭാര്യാപിതാവാണ് പൊലിസില്‍ പരാതി നല്‍കിയത്.
സവാദും കുടുംബവും തീവ്രവാദ സംഘത്തില്‍ ഉള്‍പ്പെട്ടതായുള്ള തെളിവുകളൊന്നും നിലവില്‍ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും പരാതി സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നുണ്ടെന്നും സി.ഐ.വ്യക്തമാക്കി. യമനിലെ ഹളര്‍മൗത്തിലെ ഹാമിന് എന്ന സ്ഥലത്ത് താനും കുടുംബവും മതപഠനം നടത്തി വരികയാണെന്നും ഒരു വര്‍ഷം കഴിഞ്ഞ് തങ്ങള്‍ നാട്ടിലെത്തുമെന്നും സവാദ് സി.ഐയെ അറിയിച്ചിട്ടുണ്ട്. താനും കുടുംബവും താമസിക്കുന്ന ദീസ് എന്ന സ്ഥലത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഉള്ളതായും സവാദ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ മനഃപാഠമാക്കിയതിന് ശേഷം തങ്ങള്‍ നാട്ടിലേക്ക് മടങ്ങി വരുമെന്നാണ് സവാദ് അന്വേഷണ സംഘത്തോട് പറഞ്ഞത്. അതിനിടെ സവാദിന്റെ കൂടെ കൊല്ലമ്പാടി സ്വദേശിയേയും കുടുംബത്തേയും കാണാതായിട്ടുണ്ടെന്ന സവാദിന്റെ ഭാര്യാ പിതാവ് നല്കിയ മറ്റൊരു പരാതിയെക്കുറിച്ചും പൊലിസ് തിരക്കിയിരുന്നു. എന്നാല്‍ അവരെക്കുറിച്ച് തനിക്കറിയില്ലെന്ന മറുപടിയാണ് സവാദ് പൊലിസിനോട് പറഞ്ഞത്.
അതിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അനൗദ്യോഗികമായി കാസര്‍കോട് പൊലിസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."