ബഹ്റൈനിലെ ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്! ജൂണ്‍ 1 മുതല്‍ ബസ് യാത്രക്ക് ‘ഗോ കാർഡ്’ നിർബന്ധമാക്കി
>>നിലവില്‍ മനാമ, മുഹറഖ്, ഇസാ ടൗൺ ബസ് സ്റ്റേഷനുകളിൽനിന്നും ബസ്ഡ്രൈവര്മാരില് നിന്നും കാർഡുകള്‍ ലഭ്യമാണ്
മനാമ: ബഹ്റൈനിൽ ജൂൺ 1 മുതൽ ബസ് യാത്രക്ക് ‘ഗോ കാർഡ്’ നിർബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച മുതല്‍ യാത്ര ചെയ്യുന്നവരില്‍ നിന്നും ടിക്കറ്റ് നിരക്ക് കാഷ് ആയി സ്വീകരിക്കില്ല.
ബസ് യാത്രക്കാര്‍ക്കായി ഗോ കാര്‍ഡ് രാജ്യത്ത് നേരത്തെ നിലവിലുള്ളതാണെങ്കിലും ഇതു വരെ നിര്‍ബന്ധമായിരുന്നില്ല.
ബഹ്റൈന്‍ ദിനാര്‍ 500 ഫിൽസാണ് ഗോ കാർഡിന്റെ വില. നിലവില്‍ ഇത് മനാമ, മുഹറഖ്, ഇസാ ടൗൺ ബസ് സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകളിൽനിന്നും കൗണ്ടറില്‍ നിന്നും ലഭ്യമാണ്.
കൂടാതെ, ബഹ്റൈന്‍ വിമാനത്താവളം, ബഹ്റൈൻ യൂനിവേഴ്സിറ്റി, ബഹ്റൈനിൽ വിവിധ ഭാഗങ്ങളിലുള്ള സെയിൽസ് ടീം, ഡ്രൈവർമാര്‍ എന്നിവരിൽനിന്നും കാർഡ് ലഭിക്കും.
500 ഫിൽസ് കൊടുത്ത് കാർഡ് വാങ്ങുേമ്പാൾ ബാലൻസ് പൂജ്യം ആയിരിക്കും. ഇതിൽ ആവശ്യമായ തുക റീചാർജ് ചെയ്യണം. ഡ്രൈവർ, സെയിൽസ് ടീം എന്നിവരിൽനിന്ന് കാർഡ് വാങ്ങുേമ്പാൾ ഒരു ദിനാറാണ് വില. ഇതിൽ 500 ഫിൽസ് ബാലൻസ് ഉണ്ടാകും. കാര്‍ഡ് ടോപ് അപ് ചെയ്യാനുള്ള സൗകര്യം ബസുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലും ലഭ്യമാണ്. കൂടാതെ എസ്.ടി.സി പേ, ബി വാലറ്റ്/ബെനഫിറ്റ് പേ, സദാദ് മെഷീൻ, പോസ്റ്റ് ഒാഫിസ്, കടകൾ എന്നിവ വഴിയും ടോപ് അപ്പ് സൗകര്യം വൈകാതെ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവില്‍ 50 ദിനാര്‍ വരെ ടോപ് അപ് ചെയ്യാവുന്നതാണ്.
10 വർഷമാണ് ഗോ കാർഡിെൻറ കാലാവധി. അതേ സമയം ബാലൻസ് തുകക്ക് കാലാവധി പരിധിയില്ല.
നിലവില്‍ ഒറ്റത്തവണ യാത്രക്ക് ഗോ കാർഡ് വഴി 250 ഫിൽസ് ആണ് നിരക്ക്. കാഷ് ആയി നൽകുകയാണെങ്കിൽ ഇത് 300 ഫിൽസ് ആയിരുന്നു. ഒരു ദിവസം 600 ഫിൽസ് നല്കി ടിക്കറ്റെടുത്താല്‍ ബഹ്റൈനിലുടനീളം എത്ര വേണമെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഇപ്രകാരം ഒരാഴ്ചത്തേക്ക് 3 ദിനാറും ഒരു മാസത്തേക്ക് 12 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. ഈ സൗകര്യങ്ങളെല്ലാം കാര്‍ഡിലും ലഭിക്കും.
ബസ് സ്റ്റേഷനില്‍ നിന്നും ഫോേട്ടാ പതിച്ച വ്യക്തിഗത ഐഡി കാർഡ് കരസ്ഥമാക്കുന്നവര്‍ക്ക്, ഗോ കാർഡ് നഷ്ടപ്പെട്ടാലും ബാലൻസ് തുക പുതിയ കാർഡിലേക്ക് മാറ്റിനൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക- www.bahrainbus.bh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."