അതിര്‍ത്തിയിലെ പ്രശ്‌നം: രമ്യമായ പരിഹാരത്തിന് ചര്‍ച്ച നടക്കുന്നുവെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഈ ഘട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് സൂചന നല്‍കി ഇന്ത്യ. വിഷയം രമ്യമായി പരിഹരിക്കുന്നതിന് ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കുകയും സംഘര്‍ഷം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും നയതന്ത്രപരമായും സൈനിക തലത്തിലും വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ദിവസങ്ങള്‍ക്കു മുന്‍പു നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയും സൈനികബലം വര്‍ധിപ്പിച്ചതിനു പിന്നാലെ സര്‍വസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സൈന്യത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."