ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് അടച്ചിടാനുള്ള തീരുമാനത്തിനെതിരേ വ്യാപാരികള്‍ രംഗത്ത്
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: ശുചീകരണത്തിനും അറ്റകുറ്റപണികള്‍ക്കും മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്ത്. ഏറ്റുമാനൂരിലെ ഏറ്റവും വലിയ മാലിന്യ ഉറവിടമായി മാറിയ മത്സ്യമാര്‍ക്കറ്റ് രണ്ട് ദിവസം പൂട്ടിയിട്ട് ശുചീകരണപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ദിവസം മത്സ്യവ്യാപാരികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30ന് അടയ്ക്കുന്ന മാര്‍ക്കറ്റ് ജൂലൈ മൂന്നിന് തുറക്കാനായിരുന്നു തീരുമാനം. ടൈലുകള്‍ പൊട്ടിപൊളിഞ്ഞ് മത്സ്യാവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നതും മലിനജലം കെട്ടികിടക്കുന്നതും വൃത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. കൂടാതെ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ക്കറ്റ് അടയ്ക്കുവാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ മാര്‍ക്കറ്റ് ശുചീകരിക്കേണ്ട ചുമതല സ്റ്റാളുകള്‍ ലേലത്തിലെടുത്ത വ്യാപാരികള്‍ക്കാണെന്നും അതിന് പൊതു ഫണ്ട് ഉപയോഗിക്കാനാവില്ലെന്നും കാട്ടി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രംഗത്തെത്തിയിരുന്നു. തന്നെ മാറ്റി നിര്‍ത്തിയാണ് ചെയര്‍മാനും സെക്രട്ടറിയും ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. മഴക്കാലപൂര്‍വ്വശുചീകരണഫണ്ട് എടുത്ത് മാര്‍ക്കറ്റ് ശുചീകരണത്തിനുള്ള തീരുമാനത്തിനെതിരെ മുന്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലും രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായ പിന്നാലെ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തന്നെ ഇടപെട്ട് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലം ചെയ്തു നല്‍കിയിരിക്കുന്നത് ശുചീകരണവും മാലിന്യസംസ്‌കരണവും സ്വന്തം ചെലവില്‍ ചെയ്യണമെന്ന നിബന്ധനയോടെയാണ്. ലേലവ്യവസ്ഥ പ്രകാരം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടിയെടുക്കും എന്ന് കാട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കിയ പിന്നാലെയാണ് മാര്‍ക്കറ്റ് അടച്ചിടുന്നതിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയത്. നഗരസഭ ചെയ്യുന്നുവെന്ന് പറയുന്ന സ്റ്റാളുകളുടെ അറ്റകുറ്റപണികളും ശുചീകരണവും തങ്ങള്‍ തന്നെ ചെയ്തുകൊള്ളാമെന്നും മാലിന്യങ്ങള്‍ സ്വന്തം ചെലവില്‍ നീക്കികൊള്ളാമെന്നും കാട്ടിയാണ് വ്യാപാരികള്‍ സെക്രട്ടറിയ്ക്ക് ഇന്നലെ കത്ത് നല്‍കിയത്.
അതേസമയം മത്സ്യവ്യാപാരികളുടെതായി നടന്നുവെന്ന് പറയുന്ന യോഗത്തില്‍ തങ്ങളെ വിളിച്ചിരുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ചില്ലറവിപണനകേന്ദ്രത്തില്‍ പതിനൊന്ന് സ്റ്റാളുകളാണ് ഉള്ളത്. മാര്‍ക്കറ്റ് ലേലത്തിലെടുത്ത് മറിച്ച് കൊടുത്ത രണ്ട് പേര്‍ മാത്രമാണ് അന്ന് യോഗത്തില്‍ പങ്കെടുത്തതെന്നും ഇവര്‍ പറയുന്നു. ഒപ്പം മൊത്തവിപണന കേന്ദ്രത്തിലെ ഏതാനും പേരും പങ്കെടുത്തുവത്രേ.
മാര്‍ക്കറ്റിലേതുള്‍പ്പെടെ മാലിന്യങ്ങള്‍ വ്യാപാരികള്‍ നീക്കം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് സെക്രട്ടറി നേരത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ സെക്രട്ടറി കൂടി അറിഞ്ഞുകൊണ്ട് നഗരസഭാ ഫണ്ട് ഉപയോഗിച്ച് ശുചീകരണത്തിന് തീരുമാനമെടുത്തതിനെതിരെയാണ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ആരോഗ്യവിഭാഗം വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."