പ്രചാരണത്തിന് ഷെഡ്യൂളില്ല; ഉണ്ണിത്താന് പൊട്ടിത്തെറിച്ചു
കാസര്‍കോട്: പ്രചാരണത്തിന് കൃത്യമായ ഷെഡ്യൂള്‍ തയാറാക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളോട് പൊട്ടിത്തെറിച്ച് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് . ഇന്നലെ രാവിലെ ഡി.സി.സി ഓഫിസിലെത്തിയ ഉണ്ണിത്താന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉള്‍പ്പെടെയുള്ളവരോടാണ് രോഷംകൊണ്ടത്.
കൃത്യമായ ടൈം ഷെഡ്യൂള്‍ ഇല്ലാത്തത് പ്രചാരണത്തെ ബാധിക്കുമെന്നും കൃത്യസമയത്ത് ഭക്ഷണവും വിശ്രമവും ഈ ചൂടില്‍ അനിവാര്യമാണെന്നും ആദ്യ ദിവസം ഇതു രണ്ടും ലഭിച്ചില്ലെന്നും തുടര്‍ന്നും ഇതുതന്നെയാണവസ്ഥയെങ്കില് താനില്ലെന്നും ഉണ്ണിത്താന് പറഞ്ഞു. ഇതേ തുടര്‍ന്ന് കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണനും കെ. നീലകണ്ഠനും പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് യു.ഡി.എഫ് ജില്ലാ നേതൃയോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു. ടൈം ഷെഡ്യൂള്‍ തയാറാക്കി പ്രചാരണം ഊര്‍ജിതമാക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വിഷയമൊന്നും ഇല്ലെന്നും ടൈം ഷെഡ്യൂള്‍ തയാറാക്കുന്നതില്‍ വന്ന പാകപ്പിഴയാണ് പ്രശ്നമായതെന്നും അതെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും ഉണ്ണിത്താന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാനാണ് തന്നെ നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങി ഈ ദൗത്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."