കോണ്‍ഗ്രസും സി.പി.എമ്മും ഇടയുന്നു; അതിജീവന പോരാട്ടവേദിയില്‍ ഭിന്നത രൂക്ഷം
രാജാക്കാട്: കോണ്‍ഗ്രസ് - സിപിഎം നേതാക്കള്‍ നേതൃസ്ഥാനം വഹിക്കുന്ന അതിജീവന പോരാട്ടവേദിയില്‍ ഭിന്നത രൂക്ഷം. മൂന്നാര്‍ ട്രൈബ്യൂണലിനു കീഴിലുള്ള എട്ടു വില്ലേജുകളില്‍ വീടുനിര്‍മാണത്തിന് ആര്‍ഡിഒയുടെ എന്‍ഒസി വേണമെന്ന ഉത്തരവ് റദ്ദു ചെയ്തു വില്ലേജ് ഓഫിസറുടെ നിരാക്ഷേപ പത്രം (എന്‍ഒസി) മതിയെന്ന് കഴിഞ്ഞ 26നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ദേവികുളം സബ് കലക്ടര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കു നല്‍കിയ ഉത്തരവിനൊപ്പം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുകള്‍ വരും വിധമുള്ള കത്തും ഉണ്ടായിരുന്നു. ഇതു വീടുനിര്‍മാണത്തിനുള്ള ബുദ്ധിമുട്ട് ഇരട്ടിയാക്കിയെന്നാണ് അതിജീവന പോരാട്ടവേദിയുടെ ആരോപണം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവാത്തതരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചുകൊണ്ടു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കണമെന്നു കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവുകളോ നിര്‍ദേശങ്ങളോ ലഭിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലാണ്.
ഇടതുമുന്നണി നേതാക്കള്‍ അതിജീവന പോരാട്ടവേദിയെയും ജനങ്ങളെയും വഞ്ചിച്ചുവെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.
ജൂണ്‍ 30നു മുമ്പ് ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചു നിരോധനിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്കു സമരവുമായി മുന്നോട്ടുപോകുമെന്നു മാസങ്ങള്‍ക്കു മുന്‍പേ കോണ്‍ഗ്രസ് നേതൃത്വം നിലപാടറിയിച്ചിരുന്നു. അതിജീവന പോരാട്ടവേദിയുടെ ചെയര്‍മാന്‍ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയും ജനറല്‍ കണ്‍വീനര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശിയുമാണ്. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ അതിജീവന പോരാട്ടവേദിയുടെ നേതൃത്വത്തിലുണ്ട്. മുഖ്യമന്ത്രി ഇടപെട്ടിട്ടും മൂന്നാര്‍ ട്രൈബ്യൂണലിനു കീഴില്‍ വരുന്ന വില്ലേജുകളിലെ നിര്‍മാണനിരോധനത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായത് അതിജീവനപോരാട്ടവേദിയുടെ നേതൃനിരയിലുള്ള സിപിഎം നേതാക്കളെയും പ്രതിസന്ധിയിലാക്കി. ഇതു മുതലെടുത്തു സമരവേദിയില്‍നിന്നു പിന്‍മാറി സ്വന്തം നിലയ്ക്കു സമരം തുടരുന്നതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
ഇക്കാര്യത്തില്‍ 30നു ചേരുന്ന ഡിസിസി യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കും. തുടര്‍ന്നു നടക്കുന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലും വിഷയം ചര്‍ച്ചയാകും. സമരത്തില്‍നിന്നു കോണ്‍ഗ്രസ് പിന്മാറിയാല്‍ കേരള കോണ്‍ഗ്രസ് അടക്കമുള്ള മറ്റു ഘടകകക്ഷികളും അതിജീവന പോരാട്ടവേദി വിടുമെന്നാണു സൂചന. ജനകീയ സമരങ്ങളില്‍ നേതൃത്വം വഹിക്കുന്ന സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ആരോപിച്ചു സേനാപതി പഞ്ചായത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ 18ന് അടിമാലിയില്‍ അതിജീവന പോരാട്ടവേദി സംഘടിപ്പിച്ച ദേശീയപാത ഉപരോധസമരത്തില്‍ പങ്കെടുത്ത ഒരു സിപിഎം നേതാവ് കാര്‍ഡമം ഹില്‍സ് റിസര്‍വ് കര്‍ഷകര്‍ക്കു പട്ടയഭൂമിയില്‍നിന്നു മരം മുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവായതായി പ്രസംഗിച്ചതു കയ്യടി വാങ്ങാന്‍ മാത്രമാണെന്നാണു കോണ്‍ഗ്രസിന്റെയും പോരാട്ടവേദിയിലെ ഒരുവിഭാഗം പ്രവര്‍ത്തകരുടെയും വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."