ചികിത്സ ലഭിക്കാതെ ആദിവാസി യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു
പനമരം: ചികിത്സ ലഭിക്കാതെ ആദിവാസി യുവതി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. പനമരം പഞ്ചായത്തിലെ ചുണ്ടക്കുന്ന് കുടിയോം പണിയകോളനിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ വര്‍ഷാഞ്ജലിയാണ് കഴിഞ്ഞദിവസം രാത്രി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആരുടെയും പരിചരണമില്ലാതെയാണ് യുവതി പ്രസവിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതി പ്രസവിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. എന്നാല്‍ മൂന്നു മണിക്കൂറിനു ശേഷം രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ യുവതിയെയും കുഞ്ഞിനേയും കൊണ്ടു ആശുപത്രിയിലേക്കു പോകവെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. കനത്ത മഴയും കോളനിറോഡിന്റെ ശോചനീയാവസ്ഥയും കാരണം യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ യുവതിക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി പരിസരവാസികള്‍ പറഞ്ഞു. ഇക്കാര്യം ട്രൈബല്‍ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.
കോളനിയില്‍നിന്ന് പനമരം ഗവ. ആശുപത്രിയിലെത്താന്‍ നാലു കിലോമീറ്റര്‍ സഞ്ചരിക്കണം. കോളനിയിലുള്ളവര്‍ വാഹനത്തിനായി ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. അയല്‍പക്കക്കാരായ അബ്ദുള്‍ സലാമും നിമേഷും യുവതിയുടെ അവസ്ഥ കണ്ട് മാനന്തവാടി ജില്ലാ ആശുപത്രിയിലേയ്ക്ക് ഫോണ്‍ ചെയ്‌തെങ്കിലും ആരുമെടുത്തില്ല. ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ ഫോണുകളും സ്വിച്ച് ഓഫായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. രാത്രി 12ഓടെയാണ് പനമരം ഗവ. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തിയത്. ഇതിനിടയില്‍ വര്‍ഷാഞ്ജലി രക്തം വാര്‍ന്ന് അവശയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."