ഉന്നത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ സരിത ശ്രമിച്ചിരുന്നെന്ന് ആരോപണം
കൊച്ചി: സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സരിത ശ്രമിച്ചിരുന്നതായി സോളാര്‍ കേസ് അന്വേഷണത്തിനായി നിയോഗിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അംഗവും മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുമായ ഹരികൃഷ്ണന്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി. രാഷ്ട്രീയം, സിനിമ, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുമായി നല്ലബന്ധമുള്ളതായി സ്ഥാപിക്കാന്‍ സരിത ശ്രമിക്കുന്നതായി കേസ് അന്വേഷണത്തിനിടെ ബോധ്യപ്പെട്ടിരുന്നതായും ഹരികൃഷ്ണന്‍ പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്നു സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പണംതട്ടിയ കേസില്‍ എത്രയും പെട്ടെന്ന് മേല്‍നടപടി സ്വീകരിക്കണമെന്ന് മുന്‍ ഐ.ജി പത്മകുമാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് സരിതയെ അറസ്റ്റ് ചെയ്തതെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ടവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും ഇ മെയില്‍ രേഖകളും താന്‍ ശേഖരിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് സരിതയോട് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെന്നുമുള്ള സരിതയുടെ മൊഴി ഹരികൃഷ്ണന്‍ നിഷേധിച്ചു.
സരിതയെ അറസ്റ്റ്‌ചെയ്യാന്‍ അന്നത്തെ പെരുമ്പാവൂര്‍ എസ്.ഐ ആയിരുന്ന സുധീര്‍ മനോഹറിന് രേഖാമൂലം ഉത്തരവ് നല്‍കിയിരുന്നില്ല. അസാധാരണമല്ലാത്ത സാഹചര്യമൊഴികെ രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അധികാരപരിധിയിലുള്ള കോടതിയുടെ അനുവാദം വേണമെന്ന് അറിയാമായിരുന്നെങ്കിലും സരിതയെ അറസ്റ്റ് ചെയ്യാന്‍ ഇപ്രകാരം മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയിരുന്നില്ലെന്നും ഹരികൃഷ്ണന്‍ കമ്മിഷന്റെ ചോദ്യത്തിന് മറുപടി നല്‍കി. സരിതയെ അറസ്റ്റുചെയ്ത വിവരം ഐ.ജി പത്മകുമാറിനെ അറിയിച്ചിരുന്നു. എന്നാല്‍ എവിടെനിന്നാണ് അറസ്റ്റ്‌ചെയ്തതെന്ന് പറഞ്ഞിരുന്നില്ല. ഈ വിവരം ഐ.ജി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."