തീരദേശ പരിപാലന വിജ്ഞാപനം: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ പരിപാലന വിജ്ഞാപനത്തിലെ ചില വ്യവസ്ഥകള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് തീരദേശവാസികള്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭവനനിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ തീരദേശപരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി വീണ്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
നിലവില്‍ തീരദേശമേഖലയില്‍ താമസിക്കുന്നവരുടെ വീടുകള്‍ക്ക് വൈദ്യുതി, മറ്റ് സൗകര്യം എന്നിവ ലഭ്യമാക്കുന്നതിന് തദ്ദേശ ഭരണകൂടങ്ങളുടെ അംഗീകാരം കൊടുക്കുന്നതിനാവശ്യമായ നടപടിയെടുക്കും.
കായലും കായല്‍ തുരുത്തും ഉള്‍പ്പെടുന്ന കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യവസ്ഥകളില്‍ ഇളവ് വേണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."