ഹൃദയാഘാതം; കോഴിക്കോട് - താനക്കോട്ടൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
മനാമ: കോഴിക്കോട് ജില്ലയിലെ പാറക്കടവ്-താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 18 വർഷത്തോളമായി റഫീഖ് ബഹ്റൈൻ പ്രവാസിയാണ്. നേരത്തെ ദുബൈയിലായിരുന്നെങ്കിലും ഇപ്പോള്‍ മനാമയിലെ ഫിഷ് റൗണ്ട് എബൗട്ടിലെ സഹാറാ ഹോട്ടലിനു സമീപം അല്‍ഫൈഹ ട്രേഡിംഗ് നടത്തിവരികയായിരുന്നു.
ആറുമാസം മുന്പാണ് അവസാനമായി നാട്ടില്‍ പോയി ബഹ്റൈനില്‍ തിരിച്ചെത്തിയത്. സഹോദരങ്ങളായ നിസാര്‍, കുഞ്ഞബ്ദുല്ല(മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍(പി.കെ.കെ ട്രേഡിംഗ്) എന്നിവര്‍ ബഹ്റൈന്‍ പ്രവാസികളാണ്. ബഹ്റൈന്‍ പ്രവാസിയായിരുന്ന മറ്റൊരു സഹോദരന്‍ മുസ്തഫ നേരത്തെ ബഹ്റൈനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പരേതനായ പിതാവ് ചെറ്റക്കണ്ടിയില്‍ മുഹമ്മദ് ഹാജിയും ബഹ്റൈന്‍ പ്രവാസിയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കോവിഡ്-റാന്‍റം ടെക്സ്റ്റ് റിസള്‍ട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയൂവെന്നതിനാല്‍ അധികൃതരില്‍ നിന്നും പരിശോധനാ ഫലത്തിനു കാത്തിരിക്കുന്നതായി സഹോദരങ്ങള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. റഫീഖിന്‍റെ കുടുംബം നാട്ടിലാണ്. മാതാവ്- ഖദീജ, ഭാര്യ-ഹാജറ, മക്കള്‍- മുസ്ഥഫ, ആയിഷ, ഫൈഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."