മത്സ്യത്തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല: പ്രതിഷേധവുമായി ഭാര്യയും മക്കളും
കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്ന മത്സ്യത്തൊഴിലാളി യുവാവിന് ഇന്‍ഷുറന്‍സ് തുക നല്‍കാത്ത മത്സ്യഫെഡ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഭാര്യയും മക്കളും മത്സ്യഫെഡ് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളായ ഏഴു വയസുകാരന്‍ നിരഞ്ജനും നാലു വയസുകാരി നേഹയുമാണ് കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
2014 ഡിസംബര്‍ 24നാണ് ജയജീഷ് സുഹൃത്തിന്റെ വീടുപണിക്കിടെ വീണ് കിടപ്പിലായത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലാണ്. നിരവധി അപേക്ഷകളും നിവേദനങ്ങളും നല്‍കിയിട്ടും ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. അപകടത്തില്‍പെട്ട വിവരം അറിയിക്കാന്‍ വൈകി എന്ന സാങ്കേതിക കാരണം പറഞ്ഞാണ് തുക അനുവദിക്കാത്തതെന്ന് സന്ധ്യ പറയുന്നു.
ശേഷം കുടുംബാംഗങ്ങളെത്തി മത്സ്യഫെഡ് ജില്ലാ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ അസിസ്റ്റന്റ് മാനേജര്‍ ശ്രീവത്സനുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ച് കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് അസിസ്റ്റന്റ് മാനേജര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ജില്ലാ കലക്ടറുടെ കുറിപ്പോടുകൂടിയ കത്തും സന്ധ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."