നിറക്കാഴ്ചയൊരുക്കി കൊല്ലം പൂരം
കൊല്ലം: പുതിയകാവിലമ്മയുടെയും താമരക്കുളം മഹാഗണപതിയുടെയും തിടമ്പേറ്റിയ കൊമ്പന്മാര്‍ മുഖാമുഖം അണിനിരന്നപ്പോള്‍ ആശ്രാമം മൈതാനത്ത് വെണ്ണക്കണ്ണന്റെ അനുഗ്രഹവര്‍ഷം. പിന്നെ കുടമാറ്റവും നിറക്കാഴ്ചകളുമായി കൊട്ടിക്കയറിയ സായാഹ്നം. പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ എണ്ണിയാലൊടുങ്ങാത്ത വിധം പുരുഷാരം. പുലര്‍ച്ചെ തുടങ്ങിയ ചെറുപൂരങ്ങളുടെ കലാശക്കാഴ്ചയായാണ് കൊല്ലം പൂരത്തിന് കുടനിവര്‍ന്നത്. ആനന്ദവല്ലീശ്വരം ശ്രീപാര്‍വതീ പരമേശ്വരന്മാരും കോയിക്കല്‍ ശ്രീകണ്ഠന്‍ശാസ്താവും ഉളിയക്കോവില്‍ കണ്ണമത്ത് ശ്രീഭദ്രാദേവിയും ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമിയും കടപ്പാക്കട ശ്രീധര്‍മ്മശാസ്താവും ശ്രീമുനീശ്വരസ്വാമിയും തുമ്പറ ശ്രീദേവിയും ഇരട്ടക്കുളങ്ങര ശ്രീമഹാവിഷ്ണുവും ശ്രീശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമിയും പടിഞ്ഞാറെ പുതുപ്പള്ളി മാടസ്വാമിയും ആശ്രാമം ശ്രീമാരിയമ്മയും പട്ടത്താനം ശ്രീസുബ്രഹ്മണ്യസ്വാമിയും ചേക്കോട് കളരിയില്‍ ശ്രീകൃഷ്ണസ്വാമിയും ചെറുപൂരങ്ങള്‍ക്ക് നായകരായി ആശ്രാമത്ത് ഉണ്ണിക്കണ്ണന്റെ തിരുനടയിലെത്തി. തുടര്‍ന്ന് ആന നീരാട്ടും പിന്നെ വിഭവസമൃദ്ധമായ ആനയൂട്ടും നടന്നു.
ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരും ഗുരുവായൂര്‍ മോഹനവാര്യരും ചെണ്ടയില്‍ കൊട്ടിക്കയറിയതോടെ പൂരക്കൊഴുപ്പിന് ഇരട്ടിമധുരം. വൈകിട്ട് പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊല്ലം പൂരം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൂരം ചെയര്‍മാന്‍ പി.സുന്തരന്‍ അധ്യക്ഷനായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മുകേഷ് എം.എല്‍.എ, നൗഷാദ് എം.എല്‍.എ, ജി.കെ.പിള്ള, രവിപിള്ള, മേയര്‍ വി.രാജേന്ദ്രബാബു, പി.കെ.ഗുരുദാസന്‍, പി.രവീന്ദ്രന്‍, ഹണി ബഞ്ചമിന്‍, ജി.മോഹന്‍, കെ.സുഭാഷ്, പ്രൊഫ.കെ.ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പൂരവും വര്‍ണവൈവിധ്യങ്ങളേറിയ കുടമാറ്റവും കാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ആശ്രാമം മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."