മത്സ്യകൃഷിയില്‍ നൂറുമേനി വിളവില്‍ ആവേശഭരിതരായി കര്‍ഷകര്‍
വൈക്കം: വെച്ചൂര്‍ വലിയ പുതുക്കരി പാടശേഖരത്തില്‍ നടത്തിയ മത്സ്യകൃഷി വിളവെടുപ്പില്‍ നൂറുമേനി വിളവ് കൊയ്ത മത്സ്യകര്‍ഷകര്‍ ആഹ്ലാദത്തില്‍. 458 ഏക്കര്‍ വരുന്ന വലിയ പുതുക്കരി പാടശേഖരത്തില്‍ 250ല്‍പരം കൃഷിക്കാരുടെ കൂട്ടായ്മയില്‍ നടത്തിയ മത്സ്യകൃഷിയാണിത്.
കൃഷിയിലൂടെ രണ്ടായിരത്തോളം കിലോ മത്സ്യങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ആലപ്പുഴ അഡാക്കിന്റെ സഹായത്തോടെ കോട്ടയം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരമാണ് വെച്ചൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വലിയ പുതുക്കരി എ ബ്ലോക്ക് പാടശേഖരത്തില്‍ മത്സ്യകൃഷി നടത്തിയത്. ഈ പദ്ധതി പ്രകാരം ഇവിടെ മറ്റ് പല പാടശേഖരങ്ങളിലും കൃഷി നടത്തിയിട്ടുണ്ടെങ്കിലും വലിയ പുതുക്കരിയില്‍ ഇതാദ്യമായാണ് ഈ സംരംഭം.
അഡാക്കിന്റെ ധനസഹായത്തോടെ അഞ്ചുലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കൂടുതല്‍ പാടശേഖരങ്ങളിലേക്ക് ഈ കൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍ ഉദ്ദേശിക്കുന്നുണ്ട്. തരിശുപാടത്തെ കളകള്‍ മുഴുവന്‍ നശിപ്പിച്ചാണ് കൃഷി ആരംഭിച്ചത്.
അടുത്ത തവണ ഇവിടെ കൃഷി തുടങ്ങുമ്പോള്‍ ജൈവപദ്ധതി പ്രകാരം മത്സ്യകാഷ്ടങ്ങള്‍ വീണ്ടും വളമായി മാറുന്നതുകൊണ്ട് അധികമായി മത്സ്യവളത്തിന്റെ ആവശ്യകത ഉണ്ടാകുന്നില്ല.
വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള നിര്‍വഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് രഘു, ഫിഷറീസ് പ്രൊജക്ട് അസി. ഓഫിസര്‍ ശ്രീലത, അഡാക് ഉദ്യോഗസ്ഥന്‍ സിന്ധു രാജന്‍, ശ്രീദേവി ജയന്‍, മിനി മോള്‍, ലൈജു കുഞ്ഞുമോന്‍, ബിന്ദു അജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."