'എനിക്ക് ശ്വാസം മുട്ടുന്നു' ജോര്‍ജ് ഫ്ളോയിഡിന്റ നിലവിളി മുദ്രാവാക്യമായി മുഴങ്ങി യു.എസിലെ തെരുവുകള്‍; പ്രതിഷേധമിരമ്പുന്നു
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ യു.എസില്‍ പ്രതിഷേധം ഇരമ്പുകയാണ്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ജോര്‍ജിന്റെ നിലവിളി മുദ്രാവാക്യമാക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്.
നിരവധി പേരാണ് ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി രംഗത്തെത്തിയത്.പ്രതിഷേധക്കാര്‍ മിനിയാപോളിസിലെ മൂന്നാം പ്രിസിങ്ട് പൊലിസ് സ്റ്റേഷന് തീയിട്ടു.
സമരക്കാര്‍ക്കു നേരെയുള്ള പൊലിസ് വെടിവയ്പില്‍ ഒരാള്‍ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ കവര്‍ച്ചയ്ക്കിടെയാണ് ഒരാള്‍ വെടിയേറ്റു മരിച്ചതെന്നാണ് പൊലിസ് പറയുന്നത്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിനിയപ്പലിസ് പൊലിസ് ഓഫിസര്‍ ഡെറിക് ചൗവിനെയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്തു കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, നരഹത്യ ഉള്‍പ്പെടെയാണ് ഡെറികിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഹെന്നപിന്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ മൈക്ക് ഫ്രീമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന ജോര്‍ജ് ഫ്ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലിസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ചുമാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്ത ശേഷമായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കള്ളനോട്ട് കേസിലാണ് 46കാരനായ ഫ്ളോയിഡിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."