ജേക്കബ് തോമസിന്റെ കൈവിട്ടകളി ചാലക്കുടിയില്‍: പരീക്ഷണത്തിനിറങ്ങുന്നത് ഐ.പി.എസ് സ്ഥാനം രാജിവച്ച്
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ വിജിലന്‍സ് ഡയറക്ടറും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ഡി.ജി.പി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിച്ചേയ്ക്കും.
കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവച്ചായിരിക്കും മത്സരത്തിനിറങ്ങുക. രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ഇതിനുമുന്‍പ് ചിന്തിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ജനസേവനം മാത്രമായിരുന്നു മനസില്‍.എന്നാല്‍ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല. സിവില്‍ സര്‍വീസ് ഏറെ ആഗ്രഹിച്ച് ലഭിച്ചതാണ്. അതിലൂടെ ലക്ഷ്യമിട്ടത് ജനസേവനം മാത്രമാണ്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനം. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലന്നും അദേഹം പറയുന്നു.
കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ഇദ്ദേഹത്തിന് ഇനിയും ഒന്നര വര്‍ഷത്തോളം സര്‍വിസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെന്‍ഡ് ചെയ്തു.
തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഐ.പി.എസ് പദവി വലിച്ചെറിഞ്ഞ് അങ്കത്തിനിറങ്ങുന്നതോടെ ഇരു മുന്നണികള്‍ക്കും ജേക്കബ് തോമസ് ഭീഷണിയാകും. കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും അഴിമതി കഥകള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധമാക്കിയാല്‍ ഇരുമുന്നണികള്‍ക്കും അത് ഭീഷണിയാകും. മത്സരം ഉറപ്പായാല്‍ സര്‍വിസില്‍ നിന്ന് രാജിവെച്ച് മത്സരിക്കുന്ന ആദ്യത്തെ ഐ.പി.എസ് ഉദ്യോഗസ്ഥനാകും ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."