കേന്ദ്ര സര്‍ക്കാരിനെ കളിയാക്കി രാഹുല്‍
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായെന്ന റിപ്പോര്‍ട്ടിനെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
15 ലക്ഷം വീതം തരാമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ കള്ളപ്പണമില്ലെന്ന് വാദിക്കുന്നതിന് പിന്നില്‍ എന്ത് മറിമായമാണെന്ന് അറിയില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. സ്വിസ് ബാങ്കിലെ കള്ളപ്പണം കണ്ടെടുത്ത് ഓരോരുത്തരുടെ അക്കൗണ്ടിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നാണ് 2014ല്‍ തെരഞ്ഞെടുപ്പിന് മുമ്പ് മോദി പറഞ്ഞത്. 2016ല്‍ നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുമെന്ന് പിന്നീട് പറഞ്ഞു.
എന്നാല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം കൂടിയത് കള്ളപ്പണം ഉപയോഗിച്ചിട്ടല്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമേയില്ലെന്നാണ് ഇവര്‍ പറയുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ കളിയാക്കി. കള്ളപ്പണത്തിനെതിരേ മോദി സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നുവെന്ന് വീരവാദം മുഴക്കുമ്പോഴും സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7,000 കോടി രൂപയായി വര്‍ധിച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതെല്ലാം കള്ളപ്പണം അല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."