കോടിയേരി പരാജയം സമ്മതിച്ചതിന്റെ തെളിവെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി ബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ സി.പി.എം പരാജയം സമ്മതിച്ചതിന്റെ തെളിവാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികള്‍ അണിനിരന്നതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അങ്കലാപ്പിലാണ്. അവരുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.നാട്ടിലെ കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കാത്തതും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതുമാണ് കോടിയേരി പറയുന്നത്.
ദേശീയതലത്തില്‍ രാഹുല്‍ഗാന്ധിയും നരേന്ദ്രമോദിയും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മല്‍സരം. ഇക്കാര്യം സി.പി.എം പശ്ചിമബംഗാള്‍ ഘടകം പോലും സമ്മതിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് മോദിയും ബി.ജെ.പിയുമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് അവര്‍ സമ്മതം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബി.ജെ.പിയുമായും ജനസംഘവുമായും ജനതാപാര്‍ട്ടിയുമായും അവസരത്തിനൊത്ത് കൂട്ടുകൂടിയ ചരിത്രമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളത്. 1977ല്‍ ജനതാപാര്‍ട്ടിയെന്ന് പേരുമാറ്റിയ ജനസംഘവുമായി സഖ്യമുണ്ടാക്കി ഒന്നിച്ചു മല്‍സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങി. 1989ല്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണ് വി.പി സിങ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.
2007ല്‍ ഒന്നാം യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വോട്ട് ചെയ്തു. എന്നിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും ആ കെണിയില്‍ യു.ഡി.എഫ് വീഴില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കോലീബി സഖ്യമെന്നത്
സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി
ബി.ജെ.പി-സി.പി.എം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിന്‍ കേസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ അടിയറവ് പറയുന്നതിന് മുന്‍പായി സി.പി.എം നടത്തുന്ന അവസാനത്തെ പൂഴിക്കടകന്‍ അടവാണ് കോ ലീ ബീ സഖ്യമെന്ന ആരോപണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആര്‍.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എം ആരോപണം ഉന്നയിക്കുന്ന അഞ്ച് സീറ്റിലും യു.ഡി.എഫ് മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായി. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുന്‍കൂര്‍ ജാമ്യം തേടലുമാണ് ഈ പ്രസ്താവനയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.ബി.ജെ.പി-സി.പി.എം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിന്‍ കേസില്‍ കാണുന്നത്.
കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ 12 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റി വച്ചത്. ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും സി.ബി.ഐ ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റി വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.ഗാന്ധി വധത്തെത്തുടര്‍ന്ന് 1948 ല്‍ ആദ്യമായി ആര്‍.എസ്.എസിനെ നിരോധിച്ചത് നെഹ്രുവും, സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണ്. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും ആര്‍.എസ്.എസിനെ നിരോധിച്ചത് ഇന്ദിരാ ഗാന്ധിയാണ്. മതേതര രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ആരംഭം മുതല്‍ ഹിന്ദു മഹാസഭയേയും, ആര്‍.എസ്.എസിനേയും, മറ്റു സംഘ്പരിവാര്‍ സംഘടനകളേയും ശക്തമായി എതിര്‍ത്തും തുറന്നു കാട്ടിയുമാണ് മുന്നോട്ട് പോയത്.
ആര്‍.എസ്.എസ്, സംഘ്പരിവാര്‍ ശക്തികളുമായി നീക്ക് പോക്കുണ്ടാക്കി മുന്നോട്ട് പോയ പാര്‍ട്ടി സി.പി.എമ്മാണ്. 1977ലെ പോലെ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലായെന്ന് തിരിച്ചറിഞ്ഞ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പിച്ചും പേയും പറയുകയാണ്. ഇത് പൊതുസമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."