ഐ.പി.എല്‍ പൂരത്തിന് നാളെ തുടക്കം
ചെന്നൈ: ക്രിക്കറ്റിന്റെ വന്യസൗന്ദര്യം ആവാഹിച്ച് കളിയാരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമതു സീസണ് നാളെ തുടക്കം. പ്രായത്തെ വകവയ്ക്കാതെ ബാറ്റ് വീശുകയും കളിക്കളത്തിലെ തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനുമായ എം.എസ് ധോണിയുടെ നായകത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.
നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍ കിങ്സിനെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ പിടിച്ചുകെട്ടാന്‍ റോയല്‍ ചാലഞ്ചേഴ്സ് വിയര്‍ക്കുമെന്നുറപ്പ്. കഴിഞ്ഞ സീസണില്‍ ഫൈനലിലെ താരമായ ഷെയ്ന് വാട്സനില്‍ ഇപ്പോഴും ഒരങ്കത്തിനുള്ള മരുന്ന് ബാക്കിയാണ്. ഐ.പി.എല്‍ മാമാങ്കം തുടങ്ങിയ 2008ല്‍ സൂപ്പര്‍ കിങ്സ് റണ്ണറപ്പായെങ്കിലും പരമ്പരയിലെ താരമായത് ഷെയ്ന് വാട്സനായിരുന്നു. ഇന്ത്യന്‍ ടീമിലെ താരങ്ങളായ രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, മുരളി വിജയ്, കേദാര്‍ ജാദവ് തുടങ്ങിയവരും ചെന്നൈക്കായി പാഡണിയും. ബൗളിങില്‍ ശര്‍ദുല്‍ താക്കൂര്‍, ഹര്ഭജന് സിങ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇംറാന്‍ താഹിര്‍ തുടങ്ങിയവരും അണിനിരക്കും.
മൂന്നു തവണ കപ്പുയര്‍ത്തിയ ചെന്നൈ നാലു തവണ ഐ.പി.എല്‍ റണ്ണേഴ്സ്അപ്പുമാണ്. റോയല്‍ ചാലഞ്ചേഴ്സാകട്ടെ കന്നി കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. മൂന്നു തവണ റണ്ണേഴ്സായ ടീമിന് ഇത്തവണ നായകന് കോഹ്ലിയുടെ മികച്ച ഫോം വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
കോഹ്ലിക്കൊപ്പം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ടു വീരന് എ.ബി ഡിവില്ലിയേഴ്സ്, വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവര്‍ കൂടി ചേരുമ്പോള്‍ ചാലഞ്ചേഴ്സിനെ വെല്ലാന്‍ ആര്‍ക്കുമാവില്ല. ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ നായകനും മുഖാമുഖം വരുമ്പോള്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പൊടിപാറുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."