സഊദിയില്‍ അക്കൗണ്ടിങ് മേഖലയിലും സ്വദേശിവല്‍ക്കരണം
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ അക്കൗണ്ടിങ് മേഖലയില്‍ സ്വദേശികള്‍ക്ക് 20,000 തൊഴിലുകള്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്. ഇതിനായി സഊദി പബ്ലിക് അക്കൗണ്ടന്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചു സഊദി തൊഴില്‍ മന്ത്രാലയം വിദേശികള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. ഇതിനുള്ള ധാരണാ പത്രത്തില്‍ സഊദി തൊഴില്‍ മന്ത്രാലയവും സൗദി അക്കൗണ്ടന്റ് ഓര്‍ഗനൈസേഷനും ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ടും ഒപ്പ് വെച്ചു. ധാരണ പ്രകാരം അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലയില്‍ സ്വദേശികളെ കൂടുതല്‍ നിയമിക്കുന്നതിന് തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.
പുതിയ പദ്ധതി പ്രകാരം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവരിക.
സഊദി അക്കൗണ്ടിങ് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ടിങ് പ്രൊഫഷന്‍ ഇഖാമകളുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടിങ് ഓര്‍ഗനൈസേഷന്റെ അപ്രൂവല്‍ കിട്ടിയാല്‍ മാത്രം വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കുകയും ചെയ്യുന്ന സംവിധാനമായിരിക്കും നടപ്പാകുക. നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാലേ വിദേശികളുടെ ഇഖാമ പുതുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും.
ജനറല്‍ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് സൂപ്പര്‍വൈസര്‍ എന്നീ പ്രൊഫഷനുകളാണു പ്രധാനമായും അധികൃതര്‍ ലക്ഷ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."