ഉത്തരവാദിത്ത ടൂറിസം: വിപുലസാധ്യതകള്‍ പങ്കുവച്ച് ആദ്യ ടൂറിസം ഗ്രാമസഭ
അഞ്ചാലുമ്മൂട്: നാട്ടറിവുകള്‍ക്കും തൊഴിലിടങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വിനോദസഞ്ചാര മേഖലയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ ടൂറിസം ഗ്രാമസഭ പെരിനാട് പഞ്ചായത്തില്‍ ചേര്‍ന്നു.
പ്രകൃതിഭംഗിയുടെ കാഴ്ചവിരുന്നിനപ്പുറം ഗ്രാമജീവിതത്തിന്റെ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്കായി പങ്കുവയ്ക്കാമെന്ന കാഴ്ചപ്പാടാണു ഗ്രാമസഭ പ്രധാനമായും പങ്കുവച്ചത്. സാധ്യതകളുടെ വലിയ ലോകം ഗ്രാമീണര്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഡിനേറ്റര്‍ രൂപേഷ് കുമാര്‍ വ്യക്തമാക്കി. നാടന്‍ ഉല്‍പന്നങ്ങളായിരുന്നു സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതെങ്കില്‍ അവയുടെ നിര്‍മാണ വൈദഗ്ധ്യം കൂടി അനുഭവവേദ്യമാക്കുന്ന പുതുരീതിയാണ് ഇനി പരീക്ഷിക്കേണ്ടത്.
കയര്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അവ നിര്‍മിക്കുന്നത് എങ്ങനെയെന്നു കാണാനുള്ള അവസരവുമൊരുക്കണം. തെങ്ങുകയറ്റം, ചൂണ്ടയിട്ടുള്ള മീന്‍പിടിത്തം, കാര്‍ഷികരീതികളുടെ പരിചയപ്പെടല്‍ തുടങ്ങിയവയ്‌ക്കൊപ്പം ഗ്രാമത്തില്‍തന്നെ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ സന്ദര്‍ശനവും പാക്കേജായി അവതരിപ്പിക്കാമെന്ന് ഗ്രാമസഭ വിലയിരുത്തി.
സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം സാധ്യതകളുടെ വിപുലീകരണമാണു നടപ്പാക്കേണ്ടത്. ഹോംസ്റ്റേ പോലെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം നാടന്‍ ആഹാരം ഗുണനിലവാരത്തോടെ തയാറാക്കി നല്‍കാനുമാകണം. സ്ഥിരവരുമാന സ്രോതസായി കൂടി വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കാമെന്ന നിര്‍ദേശവും ഗ്രാമസഭയിലുണ്ടായി. ജില്ലയുടെ പ്രത്യേകതകളായ ഉത്സവങ്ങളില്‍ സഞ്ചാരികളുടെ പങ്കാളിത്തം ഉറപ്പാക്കി രാത്രികാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണം. കാവുകളും ആരാധനാലയങ്ങളും ചരിത്രപ്രധാന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കണം. പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഡോക്യുമെന്റേഷന്‍ നടത്താനും സഭ നിര്‍ദേശിച്ചു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പ്രസന്നകുമാര്‍ അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി എസ്. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോഡിനേറ്റര്‍ മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."