സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരും പ്രതിപട്ടികയിലെന്ന് സൂചന
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ ചമച്ച് വസ്തു തട്ടിയെടുത്ത കേസില്‍ ചേര്‍ത്തലയിലെ വിവിധ മേഖലയിലുള്ള സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരെയും പ്രതി ചേര്‍ക്കുമെന്ന് സൂചന. ഭൂമി വാങ്ങിയ സെബാസ്റ്റ്യന്റെ ബിനാമിയുടെ പേരിലും നടപടിയുണ്ടാകും.
ആള്‍മാറാട്ടം നടത്തി വ്യാജമുക്ത്യാറില്‍ ഒപ്പിട്ടതിന് പൊലിസ് പ്രതിചേര്‍ത്ത രണ്ടാം പ്രതിയുടെ വിരടയാളം അല്ല മുക്ത്യാറിലുള്ളതെന്നും പൊലിസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചേര്‍ത്തലയിലെ അഞ്ചോളം സബ് റജിസ്ട്രാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്ന് പൊലിസ് സൂചന നല്‍കിയത്. അതേ സമയം ബിന്ദുവിന്റെ തമിഴ്‌നാട്ടിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തേടി അവിടേക്ക് പോയ അന്വേഷണസംഘത്തിന് വിവരങ്ങളൊന്നും ലഭിച്ചില്ല.
തമിഴ്‌നാട് കഥകള്‍ സെബാസ്റ്റ്യന്‍ മെനഞ്ഞെടുത്ത കള്ളമാണെന്ന് പൊലിസ് പറഞ്ഞു. നര്‍ക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പോയ അന്വേഷണസംഘമാണ് ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച മടങ്ങിയത്. ബംഗളൂരുവിലും പിന്നീട് ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്വേഷണം നടത്തിയ സംഘത്തിന് ബിന്ദു പഠിച്ചതിന്റെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല.
ബിന്ദുവിന് ആധാര്‍ കാര്‍ഡ് കിട്ടിയിട്ടുണ്ടോയെന്നും അന്വേഷിക്കുവാനും ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനുമാണ് പൊലിസിന്റെ അടുത്ത നീക്കം. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ചെക്കുകളുടെയും മുദ്രപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് മറ്റൊരു കേസും സെബാസ്റ്റ്യനെ പ്രതിയാക്കി ചേര്‍ത്തല പൊലിസ് റജിസ്റ്റര്‍ ചെയ്തു.
അതേസമയം വ്യാജ മുക്ത്യാറിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളിയിലെ വസ്തു വാങ്ങിയയാള്‍ സെബാസ്റ്റ്യന്റെ ബിനാമിയാണെന്നാണ് പൊലിസ് കരുതുന്നത്. ഇയാളെയും ചോദ്യം ചെയ്യും.
ബിന്ദു പത്മനാഭന്‍ 15 വര്‍ഷത്തോളമായി ഇവിടെ താമസമില്ലായിരുന്നുവെന്ന് റവന്യൂ അധികൃതര്‍ പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ അച്ഛനും അമ്മയും മരിച്ച ശേഷം 2003ല്‍ ഇവരുടെ വീടും സ്ഥലവും വിറ്റിരുന്നു. എന്നാല്‍ ബിന്ദു ഇതിനു ശേഷവും ചേര്‍ത്തലയില്‍ ഉണ്ടായിരുന്നതായാണ് പൊലിസ് പറയുന്നത്. കുടുംബപെന്‍ഷന്‍ 2005 വരെ ബിന്ദു ചേര്‍ത്തലയിലെ സബ് ട്രഷറിയില്‍ നിന്നു കൈപ്പറ്റിയിട്ടുണ്ട്.
അമ്പലപ്പുഴയില്‍ ബിന്ദുവിന്റെ ബന്ധുവിന്റെ വീട്ടില്‍ 2013 ഓഗസ്റ്റില്‍ സെബാസ്റ്റ്യനൊപ്പം വന്നിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. ഇതേവര്‍ഷം ഓഗസ്റ്റ് 10 മുതല്‍ ബിന്ദുവിനെ കാണാനില്ലെന്നാണ് സഹോദരന്‍ പ്രവീണിന്റെ പരാതിയിലുള്ളത്.
വ്യാജ മുക്ത്യാറിനായി തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയ സേലം ആര്‍.ടി.ഓ ഓഫിസിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ഇതിന്റെ പകര്‍പ്പുമായി പൊലിസ് സംഘം സേലത്തെ ഓഫിസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് ബോധ്യമായത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ എസ്. മനോജിന്റെ ബന്ധുക്കളെ പൊലിസ് കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. സെബാസ്റ്റ്യനുമായി അടുപ്പമുണ്ടായിരുന്നതായും മറ്റൊന്നും അറിയില്ലെന്നുമാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."