അന്താരാഷ്ട്ര സര്‍വിസുകളുടെ നിയന്ത്രണം ജൂലൈ വരെ നീട്ടി ഹജ്ജ് സര്‍വിസുകളുണ്ടാവില്ല
കൊണ്ടോട്ടി: ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകളുടെ നിയന്ത്രണം ജൂലൈ വരെ നീട്ടി. ഇതോടെ ജൂണില്‍ ആരംഭിക്കേണ്ട ഹജ്ജ് സര്‍വിസുകള്‍ ഇല്ലാതാകും.
ഇന്ത്യയില്‍നിന്ന് ജൂണ്‍ 26 മുതല്‍ ജൂലൈ 27 വരെയാണ് ഹജ്ജ് സര്‍വിസുകള്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് മെയ് മുതല്‍ ജൂണ്‍ വരെ ആയിരുന്നു നേരത്തെ അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് വിലക്കുണ്ടായിരുന്നത്. എന്നാല്‍, ആഭ്യന്തര, വന്ദേഭാരത് സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയ ഡി.ജി.സി.എ അന്താരാഷ്ട്ര സര്‍വിസുകള്‍ക്ക് ജൂണ്‍ മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിദേശ വിമാനക്കമ്പനികള്‍ക്കും നിയന്ത്രണം ബാധമാക്കിയിട്ടുണ്ട്. സഊദിയില്‍ നിന്നുള്ള വിദേശ സര്‍വിസുകള്‍ ഇന്ത്യയിലേക്കും നിയന്ത്രണത്തിലാണ്. ഇന്ത്യയില്‍നിന്ന് 1.25 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജിന് കാത്തിരിക്കുന്നത്. ഇവരില്‍നിന്ന് രണ്ടു ഗഡുക്കളായി രണ്ടുലക്ഷം രൂപ ഈടാക്കി വരുന്നതിനിടെയാണ് കൊവിഡ് നിയന്ത്രണങ്ങളുണ്ടാകുന്നത്. ഇതോടെ ഹജ്ജ് നടപടികള്‍ കേന്ദ്രം ഒന്നര മാസം മുന്‍പ് നിര്‍ത്തിവച്ചിരുന്നു. ജൂണ്‍ മാസത്തോടെ വിമാന സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി.
സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിനു ശേഷം ഇന്ത്യയിലെ ഹജ്ജ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുള്ളത്. ഹജ്ജ് സര്‍വിസ് നടത്തുന്നതിന് എയര്‍ ഇന്ത്യ, സഊദി എയര്‍ലെന്‍സ്, ഫ്‌ളൈനാസ് വിമാനക്കമ്പനികളില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് ആദ്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, കൊവിഡ് കാരണം ഈ വിമാനക്കമ്പനികളുമായി വ്യോമയാന മന്ത്രാലയത്തിന് മറ്റു കരാറുകളില്‍ ഒപ്പുവയ്ക്കാനായിരുന്നില്ല. ഇന്ത്യയിലെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളിലെയും സഊദിയിലെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെയും വിമാന സമയസ്ലോട്ട് അടക്കം ക്ലിപ്തപ്പെടുത്തിയാണ് വിമാനക്കമ്പനികളുമായി കരാറിലേര്‍പ്പെടുന്നത്. വിമാന സര്‍വിസുകളുടെ നിയന്ത്രണം ജൂലൈ വരെ നീട്ടിയതോടെ ഹജ്ജ് സര്‍വിസിന് തുടര്‍ നടപടികളെടുക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."