കാലവര്‍ഷം: ജാഗ്രതാ നടപടികളുമായി കേരളം
തിരുവനന്തപുരം: കാലവര്‍ഷം നേരിടുന്നതിന് ജാഗ്രതാ നടപടികളുമായി കേരളം. ബി.എസ്.എഫിന്റെ രണ്ടു വാട്ടര്‍ വിങ് ടീമിനെ കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.എസ്.എഫിന്റെ കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന അംഫിബിയന്‍ വാഹനം ഉള്‍പ്പെടെയുള്ള സംഘത്തെ അയക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇവരില്‍ ഒരു സംഘത്തെ പാലക്കാടും രണ്ടാമത്തെ സംഘത്തെ കണ്ണൂരും നിലനിര്‍ത്തുകയാണ് ലക്ഷ്യം.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു ടീം ഇന്ന് അറക്കോണത്ത് നിന്ന് കേരളത്തിലേക്ക് തിരിക്കും.
അവരുടെ തന്നെ മറ്റു രണ്ടു ടീം തൃശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ തന്നെ ക്യാംപ് ചെയ്യുന്നുണ്ട്. സേനയുടെ പത്തു ടീമിനെ അയക്കണമെന്നാണ് നേരത്തേ കേരളം ആവശ്യപ്പെട്ടിരുന്നത്. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഓറഞ്ച്, യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ആവശ്യം വന്നാല്‍ ക്യാംപുകളിലേക്ക് മാറണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."