സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍
ദമാസ്ക്കസ്: സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് റഷ്യ. വിമതരുമായുള്ള ചർച്ചകൾക്കൊടുവിൽ വഴങ്ങുകയായിരുന്നെന്നും, തങ്ങൾ ചർച്ചയിൽ പങ്കാളിയായില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസദ് എവിടെയെന്ന് വ്യക്തമാക്കാതെയായിരുന്നു റഷ്യയുടെ പ്രതികരണം. സിറിയയിലെ റഷ്യൻ നാവിക കേന്ദ്രം സുരക്ഷിതമാണെന്നും സിറിയയിലെ എല്ലാ പ്രതിപക്ഷ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുന്നതായും റഷ്യ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. 42കാരനായ അബു മുഹമ്മദ് അൽ ജുലാനിയാണ് സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് രാജ്യത്ത് ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. പിന്നീട് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും ജുലാനിയുടെ അൽഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭീതിപ്പെടുത്തുന്നതാണ്. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി.രാജ്യത്ത് പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചിട്ടുണ്ട്.
74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു സിറിയയുടെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും രാജ്യത്തിന്റെ ഭാവി എന്ന ആശങ്കയിലാണ് ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."