ഉര്‍ദുഗാന്റെ അധികാരമുറപ്പിക്കല്‍:ചില സ്വതന്ത്രചിന്തകള്‍
ഇസ്‌ലാമിക രാഷ്ട്രീയ ഭൂപടത്തിലെ സുപ്രധാന രാജ്യമായ തുര്‍ക്കിയില്‍ ഈ മാസം 24നു നടന്ന തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനുണ്ടായ വിജയം നവതുര്‍ക്കികളും ലോകമുസ്‌ലിംകളും ആഘോഷിക്കുകയാണ്. യൂറോപ്പടക്കമുള്ള രാജ്യങ്ങള്‍ ഉര്‍ദുഗാന്റെ പരാജയം സ്വപ്നം കണ്ടിരുന്നെങ്കിലും ശത്രുക്കള്‍ക്കു ശക്തമായ മറുപടിയുമായി വീണ്ടും അമരത്തെത്തിയതിന്റെ സാക്ഷാല്‍ക്കാരത്തിലാണ് അദ്ദേഹവും പാര്‍ട്ടിയും. രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടു മികച്ച വിജയം നേടിയ ഉര്‍ദുഗാന്‍ വീണ്ടും വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുകയാണ്.
വമ്പന്‍ വികസനപദ്ധതികളുമായാണ് ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പു നേരിട്ടത്. ഇസ്താംബൂള്‍ കനാല്‍ യാഥാര്‍ഥ്യമാക്കിയാല്‍ തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്നായിരുന്നു ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ അവകാശവാദം. പനാമയോടും സൂയസിനോടും കിടപിടിക്കുന്ന വാണിജ്യപാതയാണ് ഉര്‍ദുഗാന്റെ ലക്ഷ്യം.
പക്ഷേ, സൗജന്യ കടത്ത് അനുവദിക്കുന്ന ഫോസ്ഫറസ് തൊട്ടടുത്തുള്ളപ്പോള്‍ ലാഭകരമാവില്ലെന്നും ആക്ഷേപമുണ്ട്. എണ്ണ, പ്രകൃതിവാതക പൈപ്പ്‌ലൈനുകള്‍ കടലിടുക്കു സാധ്യത കുറയ്ക്കുന്നതായും പറയുന്നു. ഉര്‍ദുഗാന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നിര്‍മിച്ച രണ്ടു കൂറ്റന്‍പാലങ്ങള്‍ വന്‍ ടോള്‍ നിരക്കു കാരണം സാധാരണക്കാര്‍ ഒഴിവാക്കുകയാണ്. ഫോസ്ഫറസ് കുന്നിലെ കൂറ്റന്‍ മസ്ജിദാണു മറ്റൊരു വന്‍പദ്ധതി. ഇതെല്ലാം സ്വകാര്യസംരംഭങ്ങളായതിനാല്‍ സ്വകാര്യസംരംഭകര്‍ക്കു പണംവാരാനേ ഉപകരിക്കൂവെന്നാണു സാമ്പത്തികവിദഗ്ധരില്‍ പലരുടെയും വിമര്‍ശനം.
സാമ്പത്തികമാന്ദ്യത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച നേതാവെന്ന ഖ്യാതിയാണു പ്രതിസന്ധികള്‍ക്കിടയിലും ഉര്‍ദുഗാനെ മികച്ച വിജയത്തിലെത്തിച്ചത്. 2002ല്‍ ഉര്‍ദുഗാന്‍ അധികാരത്തിലേറുമ്പോള്‍ തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു തുര്‍ക്കിയുടെ വ്യാപാരമേഖല. ജി.ഡി.പി 22ല്‍ നിന്നു 16 ലേയ്ക്കു കൂപ്പുകുത്തിയ കാലം. പതിനഞ്ചുവര്‍ഷത്തെ ഉര്‍ദുഗാന്‍ ഭരണത്തില്‍ രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിച്ചു. എങ്കിലും കഴിഞ്ഞമാസം തുര്‍ക്കി ലിറയുടെ മൂല്യം 5 ശതമാനം നഷ്ടമായി. പക്ഷേ, അതു തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
1954 ഫെബ്രുവരി 26ന് ഇസ്താംബൂളിലെ കാസിംപാഷയിലാണ് ഉര്‍ദുഗാന്റെ ജനനം. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നാണ് ഉര്‍ദുഗാന്റെ കടന്നുവരവ്. പഠനകാലത്തു റിസ തെരുവുകളില്‍ പൊതീനയും നാരങ്ങാമിഠായികളും വിറ്റാണു ജീവിതം നയിച്ചത്. രാഷ്ട്രീയക്കാരനാകുന്നതിനു മുമ്പ് പ്രൊഫഷനല്‍ ഫുട്‌ബോളറായിരുന്നു. സാദത്ത് പാര്‍ട്ടി നേതാവായിരുന്ന നജ്മുദ്ദീന്‍ അര്‍ബകാന്റെ ആശയങ്ങളില്‍ ആകൃഷ്ടനായാണു രാഷ്ട്രീയജീവിതം തുടങ്ങുന്നത്. 1976 ല്‍ ഇസ്താംബൂളിലെ പാര്‍ട്ടി യുവവിഭാഗത്തിന്റെ നേതൃത്വത്തിലെത്തി. 1994ല്‍ ഇസ്താംബൂള്‍ മേയറായി. 2001 ലാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ. കെ പാര്‍ട്ടി) രൂപീകരിക്കുന്നത്. 2002ല്‍ രാജ്യം അധികാരത്തിലെത്തി. ഉര്‍ദുഗാന്‍ രാഷ്ട്രീയജീവിതം രൂപപ്പെടുത്തിയതു മതവിശ്വാസം മുതലെടുത്താണ്. എ.കെ പാര്‍ട്ടി രാഷ്ട്രീയത്തെ മതവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നതു തെരഞ്ഞെടുപ്പുപ്രചാരണത്തില്‍നിന്നു വ്യക്തമാണ്. ഗതിയും മിടിപ്പും മനസ്സിലാക്കി ഇസ്‌ലാമികവിരുദ്ധ രാഷ്ട്രീയപ്പാര്‍ട്ടികള്‍പോലും ബോധപൂര്‍വമോ അല്ലാതെയോ ഈ ഫോര്‍മുല സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്കൊന്നും ഉര്‍ദുഗാനൊപ്പമെത്താന്‍ സാധിച്ചില്ല.
രാജ്യവികസനകാര്യത്തില്‍ പാശ്ചാത്യപ്രചോദിത മതേതര പ്രത്യയശാസ്ത്രങ്ങളേക്കാള്‍ ഇസ്‌ലാമിക പ്രത്യയശാസ്ത്രമാണ് ആധികാരികമെന്ന് ഉര്‍ദുഗാന്‍ വാദിക്കുന്നു. അതേസമയം, മതവോട്ടര്‍മാര്‍ക്ക് അപ്പുറത്തുള്ളവരില്‍നിന്ന് ഉര്‍ദുഗാന് തെരഞ്ഞെടുപ്പുകളില്‍ പിന്തുണ ലഭിക്കുന്നു. വ്യാപാരസൗഹൃദ നയങ്ങളിലൂടെ അഴിമതി കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രചാരണമാണു മതാതീതമായ വോട്ടുകള്‍ ലഭിക്കാന്‍ എ.കെ പാര്‍ട്ടി നടത്തിയത്.
അതേസമയം, 2013ലെ അഴിമതി അന്വേഷണത്തില്‍ ഉര്‍ദുഗാന്‍ സര്‍ക്കാര്‍ വലയിലായതു പറയാതെ വയ്യ. നാഷനല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നിഗൂഢ ശ്രമങ്ങളാണെന്നാരോപിച്ച് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ വിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു.
ഒട്ടാമന്‍ സാമ്രാജ്യത്തിന്റെ പൈതൃകത്തെ കൊണ്ടാടുകയാണ് ഉര്‍ദുഗാന്‍. 'പ്രസിഡന്റിനെയും പ്രതിനിധിയെയും നിയമിക്കുന്നതിനു മാത്രമല്ല, രാജ്യത്തു വരാനിരിക്കുന്ന നൂറ്റാണ്ടിനായാണ് തെരഞ്ഞെടുപ്പ്' എന്നാണദ്ദേഹം പറഞ്ഞത്. 'യഥാര്‍ഥ' തുര്‍ക്കികള്‍ സാര്‍വലൗകികമായ മതേതരവാദികളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന് അദ്ദേഹം പറയുന്നു. അത്തരം രാഷ്ട്രീയ സന്ദേശങ്ങള്‍ സ്വീകാര്യമായ ചെവികളില്‍ പതിച്ചു. സ്ഥാപിത മതനിരപേക്ഷ പ്രമാണിമാര്‍ക്കെതിരായ നീരസം അങ്ങനെ വളര്‍ന്നു. ചരിത്രനവീകരണവാദമുയര്‍ന്നു. അങ്ങനെ സാധാരണക്കാരന്റെയും മധ്യവര്‍ഗത്തിന്റെയും ശബ്ദമായി ഉര്‍ദുഗാന്‍ പരിഗണിക്കപ്പെട്ടു.
ദേശാഭിമാനചിന്ത വളര്‍ത്താനും വിദേശത്തേയ്ക്ക് അത്ഭുതത്തോടെ നോക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഉര്‍ദുഗാന്റെ ഭരണത്തിനു കഴിഞ്ഞു. ബാള്‍ക്കന്‍സിലെ ഉര്‍ദുഗാന്റെ പ്രസംഗങ്ങള്‍ അമേരിക്കയെയും യൂറോപ്പിനെയും കടുത്തരീതിയില്‍ വിമര്‍ശിക്കുന്നവയായിരുന്നു. തുര്‍ക്കികള്‍ക്കിടയില്‍ ഇത് അദ്ദേഹത്തിനു കീര്‍ത്തി വര്‍ധിപ്പിച്ചു. ചിന്തകനും എഴുത്തുകാരനുമായ സോനര്‍ കഗാപ്‌തെയ് ഉര്‍ദുഗാനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: 'രാജ്യത്തിന്റെ പകുതിയും അദ്ദേഹത്തെ വെറുക്കുന്നു, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്നു ചിന്തിക്കുന്നു. അതേസമയം, മറുപകുതി അദ്ദേഹത്തെ അനുമോദിക്കുന്നു.'
2003ല്‍ ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായപ്പോള്‍, അദ്ദേഹത്തിന്റെ നിലപാട് ആഗോളവളര്‍ച്ചയെ വളരെയധികം ശക്തിപ്പെടുത്തി, അദ്ദേഹത്തിന്റെ രാഷ്ട്രീയഫോര്‍മുല മതസ്വത്വത്തിന്റെ ശക്തമായ സംയോജനമാണ്. ഭൂരിപക്ഷ വിജയം, വികാരവിവശനാകുന്ന ദേശീയത, വര്‍ധിച്ചു വരുന്ന ആധിപത്യം, മാധ്യമങ്ങളുടെ നിയന്ത്രണം, ശക്തമായ സാമ്പത്തിക വളര്‍ച്ച, വ്യക്തിപ്രഭാവം തുടങ്ങിയവയെല്ലാം ഉര്‍ദുഗാനെ രണ്ടുതവണ പ്രധാനമന്ത്രി പദത്തിലെത്തിച്ചു, പിന്നീട് രണ്ടുതവണ പ്രസിഡന്റ് പദവിയിലുമെത്തിച്ചു.
2016 ജൂലൈ 15നു രാത്രി രാജ്യത്ത് സൈനിക അട്ടിമറിക്കു ശ്രമമുണ്ടായി. എന്നാല്‍, ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനം ആ അട്ടിമറിശ്രമം പരാജയപ്പെടുത്തി. അട്ടിമറിശ്രമത്തിനു പിന്നില്‍ ഇസ്‌ലാമിക പണ്ഡിതനായ ഫത്ഹുള്ള ഗൂലനാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. ഉര്‍ദുഗാന്‍ ഭരണത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള വിമര്‍ശനത്തോടെയാണു ഗൂലന്‍ മറുപടി നല്‍കിയത്. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയും ഗൂലന്റെ ഹിസ്മത്ത് പ്രസ്ഥാനവും നേരത്തേ സഖ്യത്തിലായിരുന്നു.
പിന്നീട്, അഭിപ്രായഭിന്നത മറ നീക്കി. ഇന്ത്യയുള്‍പ്പെടെ 170ഓളം രാജ്യങ്ങളില്‍ സാമൂഹ്യസേവനം നടത്തുന്ന ഹിസ്മത്ത് പ്രസ്ഥാനത്തെ തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ ഭരണകൂടം ഭീകരസംഘടനയായാണു മുദ്രകുത്തുന്നത്. അതിനെ തുടച്ചുനീക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.
ഇതിനിടയില്‍ തുര്‍ക്കിയിലെ സാധാരണജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നുവെന്ന യാഥാര്‍ഥ്യവുമുണ്ട്. സ്വന്തം രാജ്യത്തെ ജനങ്ങളെ വേണ്ടവിധം സേവിക്കാതെ, ലോകമുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ ഇടംവലം നോക്കാതെ ഇടപെടുന്ന ഭരണാധികാരിയാണ് ഉര്‍ദുഗാനെന്നാണു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.
എന്നിട്ടും, വ്യക്തിപ്രഭാവത്തിലൂടെ ഉര്‍ദുഗാന്‍ 52 ശതമാനത്തിലധികം വോട്ടുനേടി. പാര്‍ലമെന്റില്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയുടെ കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും പീപ്പിള്‍സ് പൊതുസഖ്യത്തിലൂടെ 53 ശതമാനത്തിലധികം ഭൂരിപക്ഷം നേടി. അഞ്ചുവര്‍ഷത്തേയ്ക്ക് ഉര്‍ദുഗാന്റെ ഉത്തരവിലൂടെ പുതിയനിയമങ്ങളുണ്ടാകും.
അധികാരമെല്ലാം പ്രസിഡന്റിലേയ്ക്കു കേന്ദ്രീകരിക്കുന്ന പുതിയ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തെ നവതുര്‍ക്കികള്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. തുര്‍ക്കിയുടെ ഭാവിരാഷ്ട്രീയത്തില്‍ അധികാരം കമാലിസ്റ്റുകളുടെ പരിധിയില്‍ വരില്ലെന്നും ഉര്‍ദുഗാന്റെ 15 വര്‍ഷത്തെ, ലോകമുസ്‌ലിംകള്‍ക്കു തന്നെ അഭിമാനിക്കാവുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ കമാലിസ്റ്റുകള്‍ ഒറ്റയടിക്ക് തുടച്ചുനീക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നും പ്രത്യാശിക്കാം.
(തുര്‍ക്കി അറ്റിലിം സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ പ്രോഗ്രാം വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."