പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: എ.ഡി.ജി.പി അജിത്കുമാര്‍ പൂരദിവസം തൃശൂരിലുണ്ടായിട്ടും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ലെന്ന പരാതി സംസ്ഥാന പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൂരം അലങ്കോലമാക്കിയെന്ന ആരോപണം അജിത്കുമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മന്ത്രിസഭ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചതിനാൽ പൂരം അലങ്കോലമായെന്ന ആരോപണം എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേസംഘവും ഉദ്യോഗസ്ഥതല വീഴ്ചകളെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമും അന്വേഷിക്കുകയാണ്. എ.ഡി.ജി.പി ആദ്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് കക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും പുനരന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആത്മാര്‍ഥ ശ്രമങ്ങളാണ് പൊലിസ് നടത്തിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പൊലിസിന്റെ നടപടികളെക്കുറിച്ച് ഉയര്‍ന്ന പരാതിയിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ത്രിതല അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മറുപടി സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കൊച്ചിന്‍, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് നിര്‍ദേശിച്ച കോടതി, ഹരജികള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
7,000 പൊലിസുകാര്‍ വേണ്ടിടത്ത് നിയോഗിച്ചത് 3,500 പേരെ
ഹൈക്കോടതിയുടെയും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെയും (പെസോ) വനം വകുപ്പിന്റേയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് പൂരദിനങ്ങളില്‍ പൊലിസ് പ്രവര്‍ത്തിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 12,000 കിലോ സ്‌ഫോടകവസ്തു പൂരാഘോഷത്തിനായി എത്തിച്ചിരുന്നു.
എഴുന്നള്ളിപ്പിന് 90 ആനകളുണ്ടായിരുന്നു. കുടമാറ്റത്തിന് രണ്ടുലക്ഷം പേരും വെടിക്കെട്ടിന് ഒരു ലക്ഷം പേരുമാണ് തടിച്ചുകൂടിയത്. ദൂരപരിധി പാലിക്കാനും ജനങ്ങളെ നിയന്ത്രിക്കാനും ആനകളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ജില്ലാ പൊലിസ് മേധാവി ശ്രമിച്ചത്. 7,000 പൊലിസുകാര്‍ വേണ്ടിടത്ത് 3,500 പേരെയാണ് നിയോഗിക്കാനായത്.
തയാറെടുപ്പുകള്‍ സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്‍പേ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. എന്നിട്ടും മഠത്തില്‍ വരവ് തടസപ്പെടുത്തിയെന്നും ബാരിക്കേഡുകള്‍ വച്ച് ജനങ്ങളെ തടഞ്ഞെന്നും അടക്കമുള്ള പരാതികള്‍ ലഭിച്ചു. ഇക്കാര്യങ്ങളിലാണ് സമഗ്രാന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."