വര്‍ണവെറിക്കെതിരേ രോഷവുമായി ഫുട്ബോള്‍ ലോകം
ബര്‍ലിന്‍: അമേരിക്കയിലെ മിന്നപോളിസില്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായ ഫുട്ബോള്‍ ലോകവും. ശനിയാഴ്ച നടന്ന ഷാല്‍ക്കെ-വെര്ഡര്ബ്രമന് മത്സരത്തിനിടയില്‍ അമേരിക്കക്കാരനായ ഷാല്‍ക്കെയുടെ താരം വെസ്റ്റണ്‍ മകെനീ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫ്ളോയിഡിനു നീതി വേണമെന്ന ആംബാന്‍ഡ് ധരിച്ചാണ് താരം കളത്തിലിറങ്ങിയത്.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, അമേരിക്കന്‍ വനിതാ ഫുട്ബോള്‍ താരങ്ങളായ മെഗണ് റാപിയോ, അലക്സ് മോര്ഗന്, ക്രിസ്റ്റല്‍ ഡണ്‍ എന്നിവരും ഫ്ളോയിഡിനു നീതി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ബുണ്ടസ്ലിഗയില് ഇന്നലെ നടന്ന മത്സരത്തില്‍ ഡോര്‍ട്മുണ്ട് താരങ്ങളും ഫ്ളോയിഡിനു വേണ്ടി മുന്നോട്ടുവന്നു. കഴിഞ്ഞദിവസം പെഡര്ബോണുമായുള്ള മത്സരത്തിനിടെ ഗോള്‍ നേടിയ ജാഡന്‍ സാഞ്ചോ, അഷ്റഫ് ഹകീമീ എന്നിവര്‍ ഫ്ളോയിഡിനു നീതി വേണമെന്ന് എഴുതിയ ടീഷര്‍ട്ട് കാണിച്ചാണ് വര്ണവെറിക്കെതിരേയുള്ള പ്രതിഷേധം അറിയിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ വംശീയാതിക്രമം നേരിടുന്ന കായിക ഇനമാണ് ഫുട്ബോള്‍. ഇതിനെതിരേ ഒരുകൂട്ടം താരങ്ങള്‍ എന്നും പ്രതിഷേധവുമായി നിലനിന്നു. ഇന്റര്മിലാന് താരം റൊമേലു ലൂക്കാക്കു, സീരി എ ക്ലബായ ബ്രസിയ താരം മാരിയോ ബല്ലോട്ടെല്ലി തുടങ്ങിയവര്‍ വംശീയതയുടെ ജീവിക്കുന്ന ഇരകളാണ്. അതുകൊണ്ടുതന്നെ ഫിഫയും യുവേഫയും എക്കാലത്തും വംശീയതയ്ക്കെതിരേ നിലകൊണ്ടു.
ഫുട്ബോള്‍ ലോകത്തെ ഒരുകൂട്ടം താരങ്ങള്‍ ഇതിനെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുവന്നിരുന്നു. ഇതിനിടെയാണ് അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെടുന്നത്. അതോടെ ഫുട്ബോള്‍ ലോകം വംശീയത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."