അനുരാഗത്തിന്റെ തന്ത്രികള്‍
'എന്റെയും നിന്റെയും ആത്മാക്കള്‍ പരസ്പരം ബന്ധിതമാണ്..'
'അതെങ്ങനെ...!'
'അറിയില്ല, പക്ഷേ അവയെ ബന്ധിപ്പിച്ച പട്ടു നൂലുകള്‍ എന്റെ നിമിഷങ്ങളുടെ പുഞ്ചിരിയെ തൊട്ടുണര്‍ത്താറുണ്ട്..'
'ങേ....അതെങ്ങനെ സാധിക്കുന്നു...!!
എന്തിനാല്‍ പണിയപ്പെട്ടവയാണാ പട്ടു നൂല്‍കള്‍...?'
'പ്രണയവും സ്‌നേഹവും സംരക്ഷണവും ഇനിയുമങ്ങനെ ബന്ധങ്ങളുടെ അരക്കിട്ടുറപ്പിക്കുന്ന എണ്ണിയാലും തീരാത്ത എന്തെല്ലാമുണ്ടോ അവയാലെല്ലാം രൂപം കൊണ്ടതാണ്..'
'നിന്റെ കണ്ണുകളില്‍ അക്ഷരങ്ങളാണ്..
നിന്റെ എഴുത്തിലെ മായാജാലം നിറഞ്ഞയോരോ വരികളും....!!'
'നിന്റെ കണ്ണിലെ ആരാധന മൂര്‍ച്ഛയാര്‍ജ്ജിക്കുന്നതിന്റെ വകഭേദം മാത്രമാണ് അത്..'
'അല്ല...സത്യമായും എഴുത്തിന്റെ മൂര്‍ച്ഛ നിന്റെ കണ്‍കളിലാണുള്ളത്...
എന്തോ ശബ്ദത്തിലല്ല..
നേരിടേണ്ടി വരുമ്പോഴൊക്കെ ഒരുപിടി ചാരമായി പോകുമെന്ന് ഭയപ്പെട്ടു പോകുന്ന ഒരു തരം ശക്തിയതിനുണ്ട്...'
'സത്യത്തില്‍ നമ്മുടെ ബന്ധത്തിന്റെ ബന്ധനങ്ങളെ കുറിച്ചല്ലേ നീ ചിന്തിച്ചു കൂട്ടുന്നത്...!'
'എങ്ങനെ മനസ്സിലായി....!'
'കളവു പറയുമ്പോള്‍ ചുണ്ടുകളദൃശ്യമായി വിറക്കുന്നത് കണ്‍കോണില്‍ ഒരു പിടച്ചിലായി മനസ്സിലാക്കാം സഖീ...'
'നീ മന:ശാസ്ത്രം പഠിച്ചിട്ടുണ്ടോ...?'
'ഇല്ല....എന്തേ ചോദിച്ചത്...?'
'പിന്നെ എങ്ങനെയാണ് മനസ്സിന്റെ ഭാവങ്ങള്‍ ശരീരത്തിന്റെ അടയാളങ്ങളായി മനസ്സിലാക്കാന്‍ സാധിക്കുന്നത്....?'
'നിന്നെ മനസ്സിലാക്കാനായില്ലേല്‍ പിന്നെയാരെ എങ്ങനെ ഞാന്‍ മനസ്സിലാക്കും....?'
'എന്നാലും തോന്നിപ്പോകാ...നിനക്ക് അതേ കുറിച്ച് അറിയാമെന്ന്...'
'ആഹാ......നിന്റെ കണ്‍കളെനിക്ക് ചിരപരിചിതമല്ലേ...അവയ്ക്കുള്ളിലെ വിശാലതയും....'
'എങ്ങനെയാണ് സ്‌നേഹം ഇത്രയും കാലം ഉറഞ്ഞു നില്‍ക്കുന്നത് മനസ്സിനുള്ളില്‍....!!?
'അത് അറിയില്ല.....പക്ഷേ, സ്‌നേഹത്തിനായി ദാഹിച്ചു തുടങ്ങുമ്പോള്‍ മുതല്‍ സ്‌നേഹമെന്ന മഞ്ഞുകട്ടയിലൊരു താപം രൂപപ്പെടുകയും പതിയെ ഒഴുകുകയും ചെയ്യുന്നു.'
'ഹൃദയം അതിലലിഞ്ഞു പോകുന്നു..അല്ലേ....!!'
'അതേ.....'
'എന്തുകൊണ്ടാണ് ഞാനീ ബന്ധത്തിന്റെ ബന്ധനത്തെ കുറിച്ചാലോചിച്ചത് എന്നറിയോ നിനക്ക്...'
'തീര്‍ച്ചയായും...നിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ തീരം ഇളക്കപ്പെടുമെന്ന് നിശ്ചയിച്ച്..
നിന്റെ ഹൃദയത്തുമ്പിലെ മഷി കലങ്ങുമെന്ന് നിനച്ച്...'
'പിന്നെയോ....?'
'അങ്ങനെയങ്ങനെ, മനസ്സിന്റെ ചിറകുകളില്‍ എന്റെ കടന്നുവരവ് വലിയ തുളകളിട്ട് ശൂന്യത സൃഷ്ടിക്കുമെന്ന് നീ ചിന്തിക്കുന്നയിടം വരെ എത്തി നില്‍ക്കുന്നു.
എന്തേ ശരിയല്ലേ.....?'
'ശരിയാണ്... എനിക്ക് ഭയമാണ്.. കല്‍പ്പനകളുടെ കാലടികള്‍ക്കപ്പുറം നിശ്ചലമാകുന്നിടത്ത് ഞാനില്ലാതായി പോകുന്നതിനെ അത്രമേല്‍ ഭയക്കുന്നു ഞാന്‍...'
'എന്നിട്ടും എന്തിനാണ് നീ എന്റെ അരികിലേക്കുള്ള യാത്രകള്‍ പതിവാക്കിയത്...!'
'അറിയില്ല.....കാല്‍വെപ്പുകള്‍ നിന്നിലേക്കെത്തിക്കുകയാണ്.
ഈ ബഹളത്തിലും നിന്റെ മൗനം ഞാന്‍ ദൂരെ നിന്നേ കേള്‍ക്കുന്നുണ്ട്..'
'അതാണ് പ്രണയമെന്ന് ചുരുക്കി വിളിക്കുന്ന അനന്തസാഗരം, ഹൃദയത്തിന്റെ ഒഴുക്ക്... നിലക്കാത്ത വറ്റാത്ത തടയാനാകാത്ത ഒഴുക്ക്...'
'അപ്പോള്‍ എനിക്ക് നിന്നോട് പ്രണയമാണെന്നാണോ നീ പറഞ്ഞു വരുന്നത്...?
നെവര്‍... അങ്ങനെ വരാന്‍ സാധ്യതയില്ല.'
'നീ ആ നെവറില്‍ നിന്നും ചിന്തിച്ചു തുടങ്ങൂ... ഒരിക്കലും ഇല്ല എന്നതില്‍ നിന്ന് എന്നന്നേക്കും എന്നുള്ളതിലേക്ക് ആകാശങ്ങളുടെ
ദൂരമുണ്ട് എന്നറിയോ...?'
'അതിന്.....!!'
'പക്ഷേ...ആ ദൂരം അതിതാ ഈ ഹൃദയമിടിപ്പുകള്‍ തമ്മിലുള്ളതിനോളം തന്നെയാണ്.'
'ഓരോ ഹൃദയമിടിപ്പും തമ്മില്‍ ആകാശങ്ങളോളം ദൂരമുണ്ടെന്നോ...!!
എന്ത് അമളിയാണ് ഇത് ..?'
'നിനക്കു വിശ്വാസമാകില്ല..ഹൃദയമിടിപ്പുകള്‍ തമ്മില്‍ തമ്മില്‍ പ്രണയത്തിന്റെ തന്ത്രികളില്‍ ബന്ധിക്കപ്പെട്ടതിനാലാണത് ഇത്ര മനോഹരമായി താളമിടുന്നത്..
ആകാശങ്ങളുടെ ദൂരം എത്ര അകലെയാണെന്ന് മാത്രമേ ചിന്തിക്കാറുള്ളൂ.. പക്ഷേ അവയെല്ലാം തൊട്ടു തൊട്ടിരിക്കയാണ്... ഒന്നൊന്നിനെ ചേര്‍ത്ത് അങ്ങനെ.... അങ്ങനെ ചിന്തിച്ചു നോക്കുമ്പോള്‍ അവയില്‍ ദൂരമില്ല..
അല്ലെങ്കില്‍ തന്നെ തൊട്ടുതൊട്ടിരിക്കുന്ന രണ്ടെണ്ണം ഒന്ന് തന്നെയല്ലേ....!
പിന്നെയെന്താണ് ദൂരം.....!!'
'നിന്റെ തത്വങ്ങള്‍ എവിടെക്കാണെന്നെ വലിച്ചു നീട്ടുന്നത് ..!!'
'ഇല്ല...നീ എന്റെ ഉള്ളിലും പുറത്തും ഒരു പോലെയുണ്ടെന്നതിനാല്‍ എന്തിന് വലിച്ചു നീട്ടണം...!!'
'ഓഹോ.......പിന്നെ എന്താണിത്.. !!'
'അതോ ഹൃദയത്തിന്റെ ഭാരം ലവലേശം ഇല്ലാതെ പറക്കാന്‍ തുടങ്ങിയിരിക്കുന്നു..
ആഹാ... ദൂഹിയാ...
ഇവിടെയെവിടെയോ എനിക്ക് എന്നെതന്നെ വാരിപുണരാനാകുന്നുണ്ട്....'
'ദാവീദ്......എന്റെ ഭാരമുള്ള ഹൃദയത്തെ പറിച്ചെറിയട്ടെ ഞാന്‍...?
നമുക്ക് ശിഷ്ടകാലം പറന്നുയരാന്‍ നിന്റെ ഭാരം കുറഞ്ഞ ഹൃദയത്തിന്റെ മിടിപ്പും മര്‍മ്മരവും മതി..
നീയുള്ളിടത്ത് ഞാനെന്നെ സമര്‍പ്പിച്ച് ഞാന്‍ തന്നെ നീയായി മാറുന്നു.
ദാവീദ്....നമുക്ക് പ്രണയിക്കാം..
പറിക്കപ്പെടലുകളുടെ നോവും നീറ്റലും ജീവനെ ഹോമിക്കാന്‍ തൃപ്തിപ്പെടാത്തിടത്ത്..'
'ദൂഹിയാ.....ഇപ്പോള്‍ ഞാന്‍ നിന്നെ ചേര്‍ത്തു പിടിക്കുന്നുണ്ട്, ഈ ഹൃദയത്തിന്റെ മിടിപ്പുകളില്‍ നീയൊരു മേഘകണിക പോലെ ലയിക്കുന്നില്ലേ....!
ഇനിയിവിടെ ഈ നിലാവിന്റെ മറവില്‍ നിശ്ശബ്ദമായി തിരക്കും വെളിച്ചവും നിറഞ്ഞു കവിഞ്ഞയോര്‍മ്മകളെ അയവിറക്കുന്ന സാഗരത്തെ ഒരു നുറുങ്ങു നിമിഷം നോക്കിയിരിക്കാം....
ഇനി ആ ശാന്തമായ തിരകളിലേക്ക് ഇരു ഹൃദയങ്ങളെയും വിറ തീര്‍ന്ന കൈകളാല്‍ നിത്യസമര്‍പ്പണം നടത്താം...'
'ദാവീദ്....ഒറ്റ ഹൃദയവും ശേഷിക്കാതെ ഇരു ശരീരങ്ങള്‍ എങ്ങനെ....!!'
'ദൂഹിയാ.....നിരാശ വേണ്ട...
പരസ്പരം കൂട്ടിക്കെട്ടിയ ആത്മാക്കളുമായി നാം പറന്നു തുടങ്ങുകയാണ്....'
'ദാവീദ്.......ഇതാ എന്റെ കാലുകള്‍ ഉയരുന്നു. നിലത്തുറക്കുന്നില്ല....'
'എന്റെയും.....നാം തൊട്ടു തൊട്ടിരിക്കുന്ന ആകാശത്തിന്റെ അതിരുകളെ ഭേദിക്കുകയാണ് ദൂഹിയാ...'
'താഴെ നമുക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായി നീ കേള്‍ക്കുന്നില്ലേ ദാവീദ്...?'
'ഉണ്ട്.......അവര്‍ ബന്ധനങ്ങളുടെ അഗ്നി പണിത് ജ്വാലകളാല്‍ വിഷംതീണ്ടി കൊല്ലാനാകാത്തതില്‍ വിറളി പിടിച്ചലറുകയാണ്..'
'ദാവീദ്....'
'ദൂഹിയാ......ഭീതിയുണ്ടോ നിനക്ക്...?'
'ഇല്ല ദാവീദ്...നിന്റെ ചാരെ ഭാരമില്ലാതെ പറക്കുന്നിടത്ത് എന്തിനാണ് ഞാന്‍ ഭയക്കുന്നത്..?'
'ഒരിക്കലും ഭയമരുത്...നാം സ്വര്‍ഗ്ഗലോകത്തിന്റെ അതിഥികളാകുകയാണ്.. നമ്മുടെ ഹൃദയങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു.
ദൈവം നമ്മെ ചേര്‍ത്തുവച്ചിരിക്കുന്നു..'
'ദാവീദ് ..........'
'ദൂഹിയാ ..
അതേ.... ഞാനും നീയും നമ്മളായിരിക്കുന്നു.
കാരണം, നാം പരസ്പരം പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ, സംരക്ഷണത്തിന്റെ ഇനിയും പറഞ്ഞാല്‍ തീരാത്ത ഭാവങ്ങളാല്‍ രൂപം കൊണ്ട പട്ടുനൂലിനാല്‍ കെട്ടപ്പെട്ട ആത്മാക്കളാണ്.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."