ദേര: വിമതര്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
ദമസ്കസ്: സംഘര്‍ഷം തുടരുന്ന ദേരയില്‍ സമാധാനം പുന:സ്ഥാപിക്കാനായി വിമതരും റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സ്വേദ നഗരത്തിന് സമീപം ആറ് സൈനിക പ്രതിനിധികളുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയെന്ന് വിമത വക്താവ് പറഞ്ഞു. വിമത നിയന്ത്രണത്തിലുള്ള ദേരയില്‍ ജൂണ്‍ 19 മുതലാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചത്. നഗരത്തിന്റെ മിക്ക പ്രദേശങ്ങളും സൈന്യം കീഴടക്കി. ആക്രമണത്തെ തുടര്‍ന്ന് ദേരയില്‍ നിന്ന് ഇത് വരെ 1,60,000 പേര് പലായനം ചെയ്തു.
റഷ്യന്‍ പ്രതിനിധികളുമായി ആദ്യ ചര്‍ച്ച നടത്തിയെന്നും അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ വിമതര്‍ക്ക് മുന്നില്‍ ഉന്നയിച്ചെന്നും ഫ്രീ സിറിയന്‍ ആര്‍മി വക്താവ് ഇബ്രാഹീം ജബാവി പറഞ്ഞു. ദേരയില്‍ വിമതര്‍ നാടുവിടുക, അല്ലെങ്കില്‍ സിറിയന്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിക്കുക ഈ രണ്ട് നിബന്ധനകള്‍ റഷ്യന്‍ പ്രതിനിധികള്‍ വിമതര്‍ക്ക് മുന്നില്‍ ഉന്നയിച്ചുവെന്ന് ജബാവി പറഞ്ഞു. രണ്ടാം ഘട്ട ചര്‍ച്ച അടുത്ത ശനിയാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ദേരയിലെ അല്‍ ഗരിയാ, അല്‍ ശര്ക്കിയാ എന്നീ പ്രദേശത്തുകാര്‍ സര്‍ക്കാരുമായി അനുരഞ്ജന കരാറില്‍ എത്തിച്ചേര്‍ന്നുവെന്നും സിറിയന്‍ പതാക ഇവിടെ ഉയര്‍ത്തിയെന്നും സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ദേരയില്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രതിസന്ധി വര്‍ധിക്കുകയാണെന്നും വലിയ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യമാവാന്‍ പോവുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സാധാരണക്കാര്‍ക്ക് സുരക്ഷിതത്വം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."