ചെര്‍പ്പുളശ്ശേരി പീഡന കേസിലെ പ്രതി പൊലിസ് കസ്റ്റഡിയില്‍
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പീഡന കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചെര്‍പ്പുളശ്ശേരി സി.ഐ പി. പ്രമോദും സംഘവുമാണ് പ്രതിയായ ചെര്‍പ്പുളശ്ശേരി തട്ടാരുതൊടി പ്രകാശനെ (28) കസ്റ്റഡിയിലെടുത്തത്. പീഡനത്തിന് കേസെടുത്ത പ്രതിയെ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക.
10 മാസം മുന്‍പ് തന്നെ പീഡിപ്പിച്ചെന്ന് മങ്കര പൊലിസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള യുവതി പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി പൊലിസ് സ്റ്റേഷന് പരിധിയിലാണ് പ്രതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അന്വേഷണം ചെര്‍പ്പുളശ്ശേരി പൊലിസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലിസ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. നേരത്തെ നല്കിയ പരാതിയിലെ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് പൊലിസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ഓഫിസില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഗുഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ ജില്ലാ പൊലിസ് മേധാവിയും കേസ് അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടി ഓഫിസില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും, പ്രതിയായ യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സി.പി.എം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഓഫിസില്‍ വച്ച് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് യുവാവും പൊലിസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം. കേസിന് രാഷ്ടീയ മാനം കൈവന്നതോടെ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."