ദക്ഷിണേന്ത്യയില്‍ കണ്ണുവെച്ച് മോദിയും; ബംഗളൂരുവില്‍ മത്സരിക്കും?
ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചുവെങ്കിലും ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്മാറും. 1991 മുതല്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണിത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബി.ജെ.പി. ആദ്യം ബംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്.
മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബംഗളൂരു സൗത്ത്, ധാര്‍വാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
2014 ലും മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ട് സീറ്റില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേത്തിയ്ക്ക് പുറമെ കേരളത്തിലെ വയനാട്ടില്‍ നിന്ന് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."