പൊലിസിന്റെ തുഴച്ചില്‍ പരിശീലക സ്ഥാനത്തിന് കടിപിടി: കളികാര്യമായപ്പോള്‍ സ്ഥിരം കോച്ച് പുറത്ത്
ആലപ്പുഴ : നെഹ്രു ട്രോഫി ജലമേളയില്‍ ഐ.പി.എല്‍ സംവിധാനം എത്തിയതോടെ പതിവുപോലെ കേരള പൊലിസ് ടീമില്‍ തൊഴുത്തില്‍കുത്ത് തുടങ്ങി. പരിശീലക സ്ഥാനത്ത് പരിചയ സമ്പന്നരെ ഒഴിവാക്കി അയോഗ്യര്‍ കടന്നുകൂടിയതാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്.
ചുണ്ടന്‍വളളങ്ങളുടെ സമ്പൂര്‍ണ ആധിപത്യമുളള അന്താരാഷ്ട്ര പ്രശസ്തിയുളള ജലമേള ഇക്കുറി നടക്കുന്നത് ഐ പി എല്‍ മാതൃകയിലാണ്. ഈ മല്‍സരത്തില്‍നിന്നാണ് ടീമിനെ പരിശീലിപ്പിക്കേണ്ട സ്ഥിരം കോച്ച് ടി എ കുര്യാക്കോസ് പുറത്തായത്. പകരം പ്രാദേശിക തുഴച്ചില്‍ മല്‍സരങ്ങളില്‍ മാത്രം പരിചയമുളള വ്യക്തിയെ പരിശീലകനാക്കിയാണ് പ്രഥമ മല്‍സരത്തിന് കേരള പൊലിസ് ടീം ഇറങ്ങുന്നത്. മത്സരം പ്രൊഫഷണല്‍ സംവിധാനത്തിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുള്‍ക്കര്‍ തന്നെ മേള വീക്ഷിക്കാനെത്തുന്നുണ്ട്. നെഹ്രു ട്രോഫിയില്‍ പങ്കെടുത്ത് ഒന്‍പതാം സ്ഥാനം വരെയെത്തുന്ന ടീമുകള്‍ക്ക് മാത്രമെ കെ ബി എല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുകയുളളു.
ഇന്ത്യയിലെ കരുത്തരായ ടീമുകള്‍ മല്‍സരത്തിനെത്തുന്ന സാഹചര്യത്തില്‍ ദീര്‍ഘക്കാലത്തെ പരിചയ സമ്പത്തുളള കുര്യാക്കോസിനെ പോലുളള പരിശീലകനെ നീക്കിയതില്‍ ടീമില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
1987 മുതല്‍ ദേശീയ - അന്തര്‍ദേശീയ തുഴച്ചില്‍ രംഗത്ത് ശ്രദ്ധേയ സാനിധ്യമായ കുര്യാക്കോസ് നാലുതവണ പൊലീസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. കേരള പൊലിസില്‍ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്ന കുര്യാക്കോസ് തന്നെ പരിശീലക സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അപേക്ഷ പരിഗണിക്കാതെയാണ് അയോഗ്യരെ ഉള്‍പ്പെടുത്ത് ടീം പരിശീലനം നടത്തുന്നത്. നിര്‍ണായകഘട്ടത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച് കേരള പൊലീസിന്റെ യശസ് ഉയര്‍ത്തിയ തന്നെ പരിഗണിക്കാത്തത് അന്യായമാണെന്നും കുര്യാക്കോസ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."