ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാലുവരെ നീട്ടി
മീനങ്ങാടി: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഈമാസം നാലുവരെ നീട്ടിക്കൊണ്ട് സിവില്‍ സപ്ലൈസ് ഡയരക്ടറുടെ ഉത്തരവ്. റേഷന്‍ കടകളില്‍ തട്ടിപ്പും പൂഴ്ത്തിവെയ്പും തടയുന്നതിന് സ്ഥാപിച്ച ഇ-പോസ് മെഷീനുകളുടെ സെര്‍വറുകള്‍ പണിമുടക്കുന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനാലാണ് വിതരണം ഈമാസം നാല് വരെ നീട്ടി സിവില്‍ സപ്ലൈസ് ഉത്തരവിറക്കിയത്.
റേഷന്‍ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാരിന്റെ സംരംഭമായ ഇ-പോസ് അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ റേഷന്‍ കാര്‍ഡിലെ ഒരംഗം നേരിട്ടെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിരലടയാളം മെഷീനില്‍ രേഖപ്പെടുത്തിയാല്‍ 'കാത്തിരിക്കുക താങ്കളുടെ വിരലടയാളം പരിശോധിച്ചു കൊണ്ടിരിക്കുന്നെന്ന' മറുപടി മാത്രമാണ് നാല് ദിവസമായി ഇ-പോസ് മെഷീനില്‍ നിന്നും പല റേഷന്‍ കടകളിലും ലഭിക്കുന്നത്. സംസ്ഥാനത്തെ 14,000ത്തിലധികം വരുന്ന റേഷന്‍ കടകള്‍ ഈ പോസ് മെഷീന്‍ വഴി പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വര്‍ പണിമുടക്കുന്നതാണ് റേഷന്‍ കടകളില്‍ നിന്നുള്ള വിതരണത്തെ തടസപ്പെടുത്തുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ സിമ്മുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഷീനുകളില്‍ സിഗ്‌നല്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെടുന്നത് വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ വാക്കേറ്റത്തിനും കൈയേറ്റത്തിനും വരെ ഇടയാക്കുന്നതായി വ്യാപാരികളും പറയുന്നു. കാര്‍ഡിലെ മുഴുവന്‍ സാധനങ്ങളും കിട്ടണമെങ്കില്‍ മാസം പകുതിയെങ്കിലും പിന്നിടണമെന്നിരിക്കെ മാസാവസാനം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കാര്‍ഡുടമകളും പറയുന്നു. അതുകൊണ്ടുതന്നെ മാസാവസാനം സാധാരണയായി വൈകുന്നേര സമയങ്ങളില്‍ റേഷന്‍ കടകളില്‍ തിരക്ക് കൂടുതലാണ്. തിരക്ക് കൂടുതലുള്ള ഈ സമയങ്ങളില്‍ നെറ്റ്‌വര്‍ക്ക് പോകുകയും, സെര്‍വര്‍ ഡൗണ്‍ ആകുകയും ചെയ്യുന്നത് പതിവാണ്.
സംസ്ഥാനത്തെ റേഷന്‍കടകളിലെ മെഷീനുകളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള സര്‍വറുകള്‍ ഈമാസം 15ഓടെ പ്രാവര്‍ത്തികമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ ബാറ്ററി ബാക്കപ്പ് ലഭിക്കാത്തതും ഗ്രമീണ മേഖലകളിലെ റേഷന്‍ വിതരണത്തെ താറുമാറാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ് തിയതി നീട്ടി ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."