ഇടതുപ്രചാരണത്തിന് സര്‍ക്കാര്‍ വകുപ്പും; ചട്ടലംഘനമെന്ന് ആരോപണം
കോഴിക്കോട്: സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് ഇടതുസ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം. കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ച കൈപുസ്തകങ്ങളാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് ആരോപിക്കുന്നത്.
'ഇടതുപക്ഷ ജനാധിപത്യ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക' എന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ അഭ്യര്‍ഥനയ്‌ക്കൊപ്പമാണ് പി.ആര്‍.ഡി പ്രസിദ്ധീകരിച്ച സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പറയുന്ന കൈപുസ്തകങ്ങളും ഓരോ വീടുകളിലും ഇടതുപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നത്.
സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിനുവേണ്ടി ഡയരക്ടര്‍ ടി.വി സുഭാഷാണ് പുസ്തകങ്ങള്‍ അച്ചടിച്ചതെന്ന് വ്യക്തമാക്കുന്ന ഇന്‍പ്രിന്റും കൈപുസ്തകങ്ങളില്‍ ഉണ്ട്. തെരഞ്ഞെടുപ്പ് നോട്ടിസോ അഭ്യര്‍ഥനകളോ വിതരണം ചെയ്യുമ്പോള്‍ ഏത് സ്ഥാനാര്‍ഥിക്കുവേണ്ടി ആരാണ് പ്രിന്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. എത്ര കോപ്പി പ്രിന്റ് ചെയ്‌തെന്നും വ്യക്തമാക്കണം. പ്രചാരണത്തിന് എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാകാന്‍ കൂടിയാണിത്. ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് പി.ആര്‍.ഡിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ ഓരോ വീടുകളിലും വിതരണം ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. സാധാരണ നാമമാത്ര കോപ്പികളാണ് ഇത്തരം പുസ്തകങ്ങള്‍ വിവിധ വകുപ്പുകള്‍ക്കായി അച്ചടിക്കാറ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷമിട്ട് ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ചോയെന്ന് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."