റിലയന്‍സ് ജിയോക്ക് കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി: നഗരസഭ ഹൈക്കോടതിയില്‍ നിയമോപദേശം തേടി
നിലമ്പൂര്‍: റിലയന്‍സ് കമ്പനിക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് നഗരസഭ ഹൈക്കോടതിയില്‍ നിയമോപദേശം തേടി. തറവാടക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാന്‍ നഗരസഭക്ക് അധികാരമുണ്ടോ എന്നതാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
റിലയന്‍സില്‍ നിന്നും 68.47 ലക്ഷം രൂപ ഈടാക്കുന്നതിന് മുന്‍കൂര്‍ അനുമതി കൊടുത്തതില്‍ തെറ്റുണ്ടോ, കമ്പനിയുമായി സെക്രട്ടറി ഒപ്പുവച്ച കരാറിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആരാഞ്ഞിട്ടുള്ളത്.
ഈ മാസം 11ന് ചക്കാലക്കുത്ത് - റെയില്‍വെ റോഡില്‍ റിലയന്‍സ് ജിയോ ഒപ്റ്റിക്കല്‍ കേബിള്‍ സ്ഥാപിക്കാന്‍ ചാലുകള്‍ കീറുന്നതിനിടെ സിപിഐ, സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്. 13കീ.മീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കാനാണ് റിലയന്‍സ് അനുമതി ആവശ്യപ്പെട്ടത്.
റിലയന്‍സില്‍ നിന്ന് പ്രതിവര്‍ഷം മീറ്ററിന് 750രൂപ വച്ച് തറവാടകയും, നഷ്ടപരിഹാരവും ആവശ്യപ്പെടാന്‍ 2016 മാര്‍ച്ച് മൂന്നിന് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മുനിസിപ്പല്‍ സെക്രട്ടറി റിലയന്‍സുമായി കാരാറില്‍ ഒപ്പുവച്ചതാണ് വിവാദമായത്. പ്രവൃത്തി തല്‍കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം പൊന്നാനി, പെരിന്തല്‍മണ്ണ നഗരസഭകളില്‍ ഉള്ളതിനേക്കാള്‍ തുകയ്ക്കാണ് നിലമ്പൂരില്‍ കരാര്‍ ഉറപ്പിച്ചതെന്നും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു.
കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പരാതി നല്‍കുന്നതിനും മറ്റു നിയമസാധുത പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."