നിങ്ങളുടെ സ്ഥാനാര്‍ഥി കടന്നുവരികയാണ്
#നൈന മണ്ണഞ്ചേരി
9446054809
ചൂടിന്റെ കാഠിന്യം കാരണം അകത്തിരിക്കാനും വയ്യ, പുറത്തിറങ്ങി നടക്കാനും വയ്യ എന്ന സ്ഥിതിയാണ്. 'നിങ്ങളോട് എ.സി വാങ്ങിക്കാന്‍ എത്ര നാളായി പറയുന്നു.'എന്ന പ്രിയതമയുടെ പരാതി കേട്ട് മടുത്തു. സ്ഥിരം പതിവായതിനാല്‍ അതത്ര കാര്യമാക്കിയില്ല. ചെറുതായൊന്ന് മഴ പെയ്താല്‍ മതി, അപ്പോള്‍ പിന്നെ കമ്പിളിപ്പുതപ്പ് വാങ്ങിക്കൊടുക്കാത്തതിനാവും പരാതി. ഈ ചൂടിന്റെ കൂടെ തിരഞ്ഞെടുപ്പ് ചൂട് കൂടി വന്നപ്പോള്‍ പറയാനുമില്ല. വോട്ടിന് വേണ്ടി അഭ്യര്‍ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നവര്‍ മാത്രമല്ല പ്രാസമൊപ്പിച്ച് അസ്വസ്ഥപ്പെടുകയും ആകാംക്ഷപ്പെടുകയും ചെയ്യുന്നവര്‍ വരെ ഉണ്ടെന്നാണ് ചില അനൗണ്‍സ്‌മെന്റുകളില്‍ നിന്ന് മനസിലാവുന്നത്. പണ്ട് വായില്‍ വരുന്നത് കോതയ്ക്കായിരുന്നു പാട്ട്, ഇന്ന് അനൗണ്‍സര്‍ക്കുമായി.
ഒഴിവു ദിവസമായിട്ട് വീട്ടിലിരിക്കാമെന്ന് വച്ചാല്‍ തിരക്കിന് ഒരൊഴിവുമില്ലെന്നതാണ് സത്യം. സ്ഥാനാര്‍ഥികളുടെ നേരിട്ടും കാര്‍ഡ് മുഖേനയുമുള്ള അഭ്യര്‍ഥനകളുടെ തിരക്കിന്റെ പൂരമായിരിക്കും അവധി ദിവസം. 'അഞ്ചു വര്‍ഷം മുന്‍പ് കണ്ടതാണല്ലോ സാറേ, പിന്നെ ഇപ്പോഴാണല്ലോ കാണുന്നത്' എന്ന് ആരെങ്കിലും ചോദിച്ചോ എന്നറിയില്ല. ചോദിച്ചാലും അതിനും എന്തെങ്കിലും മറുപടി കാണാതിരിക്കില്ല.. തിരഞ്ഞെടുപ്പുകള്‍ ഏതെങ്കിലും ആഘോഷങ്ങളോടനുബന്ധിച്ചാണ് വരുന്നതെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. ആശംസാ കാര്‍ഡുകളുടെ ബഹളമായിരിക്കും. ഓരോന്നാലോചിച്ചിരിക്കുമ്പോഴാണ് മൂന്ന് നാലു പേര്‍ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടത്.'സാറേ നമ്മുടെ സ്ഥാനാര്‍ഥിയാ കടന്നു വരുന്നത്.' ആദ്യം കടന്നു വന്നയാള്‍ ഒരു മുന്നറിയിപ്പെന്ന പോലെ പറഞ്ഞു. 'വേണമെങ്കില്‍ രക്ഷപെട്ടോളൂ എന്നാണോ അയാള്‍ ഉദ്ദേശിച്ചതെന്നറിയില്ല. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് അദ്ദേഹം അകത്തേക്ക് കയറി വന്നു.
വെളുത്ത ചിരിയുമായി കൈകൂപ്പി കടന്നു വരുന്ന മാന്യദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സംശയമായി, ഇദ്ദേഹം ഒന്നു രണ്ടു തവണ വോട്ട് അഭ്യര്‍ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യാന്‍ ഇവിടെ വന്നിട്ടുള്ളതല്ലേ സംശയ ഭാവത്തിലുള്ള എന്റെ നോട്ടം കണ്ടാകാം അയാള്‍ പറഞ്ഞു. 'സാറേ, ഞാന്‍ നേരത്തെ ഇവിടെ വന്നിട്ടുള്ളതാണ്. അന്ന് ചിഹ്നം കിട്ടിയിരുന്നില്ല.
ഇപ്പോഴാണ് കിട്ടിയത്. മറന്നു പോകരുത്, എന്റെ പേര് അമ്പ്, ചിഹ്നം തമ്പാന്‍...ക്ഷമിക്കണം, പേര് തമ്പാന്‍, ചിഹ്നം അമ്പ്.' അദ്ദേഹത്തിന്റെ വെപ്രാളം കണ്ടാല്‍ തോന്നും ചിഹ്നം ഏതെന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നെന്ന്. ഏതായാലും എല്ലാര്‍ക്കും നല്‍കിയതു പോലെ ഇത്തവണത്തെ വോട്ട് തമ്പാന്‍ സാറിനു തന്നെ എന്ന് ഉറപ്പും നല്‍കി തമ്പാന്‍ ആന്‍ഡ് പാര്‍ട്ടിയെ യാത്രയാക്കുമ്പോള്‍ ജയിക്കുന്നതാരാണെങ്കിലും മാവേലിത്തമ്പുരാന്‍ വരുമ്പോലെ വര്‍ഷത്തിലൊരിക്കലെങ്കിലും പ്രജകളെ കാണാന്‍ വരാനുള്ള മനസുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിച്ചു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."