കെ.എം.സി.സിക്കിത് അഭിമാന നിമിഷം, ആദ്യ ചാര്‍ട്ടേഡ് വിമാനം കരിപ്പൂരില്‍ ഇറങ്ങി
ജിദ്ദ: യു.എ.ഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് കരിപ്പൂരില്‍ ഇറങ്ങി.
ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക വിമാനം ഒരുക്കിയിരുന്നത്.
യു.എ.ഇ പ്രാദേശിക സമയം വൈകിട്ട് 6.30ന് വിമാനം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 12 ആണ് കരിപ്പൂരില്‍ ഇറങ്ങിയത്.
മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 159 പേരാണ് യാത്ര ചെയ്തിരുന്നത്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായ 19 പേരുടെ യാത്ര മുടങ്ങി.
സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം ഇന്നലെ പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് വൈകിട്ട് ആറരയിലേക്ക് മാറ്റിയെങ്കിലും പുറപ്പെടാനായില്ല. പിന്നീട് രാത്രി 11.30ന് പറന്നുയരുമെന്ന് അറിയിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേ സമയം വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെടും. വിമാനസര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ജന. സെക്രട്ടറി നിസാര്‍ തളങ്കര, ഫ്ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു. സംസ്ഥാന മുസ്ലിംലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ ഡല്‍ഹി ഓഫീസ് നടത്തിയ ഇടപെടലാണ് സര്‍വീസുകള്‍ വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."