ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം; ആറുപേര്‍ക്ക് പരിക്ക്
ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ ഒരിടവേളയ്ക്കു ശേഷം സഘര്‍ഷം ശക്തിപ്പെടാനുള്ള സൂചനകള്‍ നല്‍കി ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം. വടക്കന്‍ തെല്‍അവീവിലെ കാര്‍ഷികനഗരമായ മിശ്‌മെരിത്തില്‍ ജനവാസകേന്ദ്രമായ ഷാരോണിലാണ് സംഭവം. ആക്രണണത്തിനു പിന്നാലെ കാതടപ്പിക്കുന്ന തരത്തില്‍ ഉഗ്രസ്‌ഫോടനശബ്ദം കേട്ടെന്നു പ്രദേശവാസികള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നിട്ടുണ്ട്. ആറുപേര്‍ക്കു പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഇസ്‌റാഈലില്‍ അടുത്തമാസം ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടാവുന്നത്.
ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ഇസ്‌റാഈല്‍ വിദേശകാര്യ വക്താവ് ഇമ്മാനുവല്‍ നഹ്‌ഷോന്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഇസ്‌റാഈലിലേക്ക് ഫലസ്തീന്‍ ഭീകരര്‍ മനപ്പൂര്‍വം നടത്തിയ ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഗസ്സയില്‍ നിന്നാണ് റോക്കറ്റ് വന്നതെന്ന് ഇസ്‌റാഈലി സൈനികവൃത്തങ്ങളും പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.
ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തിനെതിരെ ഗസ്സയില്‍ ദിവസേന പ്രതിഷേധപരിപാടികള്‍ നടന്നുവരുകയാണ്. കഴിഞ്ഞദിവസം പ്രക്ഷോഭകര്‍ക്കു നേരെ നടത്തിയ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."