സമദൂരത്തില്‍ ഇടതുപക്ഷം പടിക്കുപുറത്തെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്
ആലപ്പുഴ: ഇടതുപക്ഷത്തോടും പ്രത്യേകിച്ച് സി.പി.എമ്മിനോടും സമദൂരമില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്.
ഇടതുപക്ഷത്തെ തൊടുന്ന എന്‍.എസ്.എസ് നേതാക്കളുടെ സ്ഥാനം സമുദായത്തിന് പുറത്തെന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കി നേതൃത്വം.
മാവേലിക്കരയിലെ ഇടതുസ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടു അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിലൂടെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിനൊപ്പം എല്‍.ഡി.എഫിനോട് ചേരാന്‍ ആഗ്രഹിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണ് എന്‍.എസ്.എസ് നല്‍കിയിരിക്കുന്നത്.
സമദൂരമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശ്വാസത്തിന് എതിരായി നിന്നവര്‍ക്കെതിരേ ജനം വിധി എഴുതുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ജയപരാജയം വിലയിരുത്തി യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ സമീപനം സ്വീകരിക്കാനാണ് കരയോഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിക്കും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിന് അനുകൂലമായ നിലപാടും സ്വീകരിക്കാനാണ് എന്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്കെതിരേ ശക്തമായ നിലപാടിലാണ് എന്‍.എസ്.എസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സമവായത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും വഴങ്ങാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തയാറായിരുന്നില്ല. ശബരിമല വിഷയത്തിന് പുറമേ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നടത്തിയ നീക്കങ്ങളും എന്‍.എസ്.എസിനെ കൂടുതല്‍ പ്രകോപിതരാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി ഒരു തരത്തിലുള്ള സമവായത്തിനും തയാറല്ലെന്ന സന്ദേശമാണ് മാവേലിക്കര എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടതിലൂടെ ജനറല്‍ സെക്രട്ടറി ജി.സുകമാരന്‍ നായര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പു വരുത്താനുള്ള എല്ലാസാഹചര്യവും ഉപയോഗപ്പെടുത്താനാണ് എന്‍.എസ്.എസ് നീക്കം.
ചിറ്റയം ഗോപകുമാറിന് മാവേലിക്കര എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ ഓഫിസില്‍ നേതൃത്വം കഴിഞ്ഞ ദിവസമാണ് സ്വീകരണം നല്‍കിയത്. 15അംഗ കമ്മിറ്റിയിലെ പ്രസിഡന്റ് ഒഴികേയുള്ള ഭാരവാഹികളെ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു രാജി എഴുതി വാങ്ങിയത്. നേതൃത്വത്തിന്റെ വാക്കിന് വിലകല്‍പ്പിക്കാതെ ഇടത് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ നടപടിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടല്‍.
പകരം അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്. പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്റായ ആര്‍.ബാലകൃഷ്ണപിള്ളക്കെതിരേ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരും നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്‍.എസ്.എസ് നിലപാടിന് വിരുദ്ധമായ സമീപനമാണ് ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."