എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് ലീഗ് കൈകൊണ്ടിട്ടില്ലെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: എസ്.ഡി.പി.ഐയുടെ വോട്ട് തങ്ങള്‍ക്കുവേണ്ടെന്ന നിലപാട് മുസ്‌ലിം ലീഗ് കൈകൊണ്ടിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മജീദ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്.ഡി.പി.ഐയുടെ സഹായം തേടുന്നതിനേക്കാള്‍ മുസ്‌ലിം ലീഗ് പിരിച്ചുവിടുന്നതാണ് നല്ലെതെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊണ്ടോട്ടിയില്‍ ലീഗ് എസ്.ഡി.പി.ഐ നേതാക്കള്‍ അവിചാരിതമായി കണ്ടുമുട്ടിയതാണ്. ചര്‍ച്ചക്കായി നേരത്തെ തീരുമാനിച്ചുറപ്പിച്ചു പോയതല്ല. അങ്ങനെ ഉണ്ടായതുമല്ല ആ കൂടിക്കാഴ്ച. കണ്ടുമുട്ടിയപ്പോള്‍ സൗഹൃദം പുതുക്കി. രാഷ്ട്രീയമായ ചര്‍ച്ചയൊന്നുമായിരുന്നില്ല. എങ്കിലും ആ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് പാര്‍ട്ടി ലീഡര്‍ഷിപ്പ് ചര്‍ച്ച ചെയ്തിരുന്നു. ആ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു വന്നതായും മജീദ് അഭിമുഖത്തില്‍ പറയുന്നു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണ്. എന്നാല്‍ അത്തരത്തിലൊരു തീരുമാനം പാര്‍ട്ടി കൈകൊണ്ടിട്ടില്ല. അവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതുപോലും സൂക്ഷിച്ചുവേണം എന്നാണ് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളത്. അങ്ങനെതന്നെയാണ് ചെയ്യുന്നതും. എന്നാല്‍ വോട്ടു വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തീരുമാനമുണ്ടായിട്ടില്ല. മജീദ് പറഞ്ഞു. എസ്.ഡി.പി.ഐക്ക് മുന്‍പ് ലഭിച്ച വോട്ടൊന്നും ഇപ്പോള്‍ ലഭിക്കില്ല. അവരാകെ ക്ഷയിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ അവര്‍ ലീഗിന് ഒരു ഭീഷണിയേയല്ല. മജീദ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മുഖ്യ വിഷയം ദേശീയ രാഷ്ട്രീയമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗബലം കൂട്ടണം. മതേതര കക്ഷികള്‍ ഒന്നിക്കണം. അതിന്റെ കൂടെ സി.പി.എം ഉണ്ടാകില്ല. സി.പി.എമ്മിന്റെ അംഗബലം ബി.ജെ.പിക്ക് പരോക്ഷമായി ഗുണം ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയപ്പോള്‍ വടകരയില്‍ കെ.മുരളീധരനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ഹൈദരലി ശിഹാബ് തങ്ങളാണ് ആവശ്യപ്പെട്ടത്. മുരളീധരന്‍ കേരള രാഷ്ട്രീയത്തില്‍ നല്ല കരുക്കള്‍ നീക്കാനറിയാവുന്ന നേതാവാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
വടകര സുരക്ഷിതമല്ല എന്ന തോന്നലിലല്ല അങ്ങനെയൊരു ശ്രമമുണ്ടായത്. ജയരാജന്‍ വരുന്നതിനു മുമ്പ് മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. കോലീ ബി സഖ്യം എല്ലാ കാലത്തും സി.പി എം ഉയര്‍ത്തുന്ന ആരോപണമാണ്. അതു മുരളീധരന്‍ വന്ന ശേഷം സിപി.എമ്മിനുണ്ടായ പരിഭ്രാന്തിയാണെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."