മുത്വലാഖ് ഓര്‍ഡിനന്‍സിനെതിരായ ഹരജി; ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: മുത്വലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിനെതിരേ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. നിലവില്‍ ഇത് ഓര്‍ഡിനന്‍സ് മാത്രമാണെന്നും നിയമമാകുമ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടപെടാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചത്. ഇടപെടല്‍ ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായാണ് ഹരജി സമര്‍പ്പിച്ചത്.
നിലവില്‍ പാര്‍ലമെന്റില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ലെന്നാണ് കോടതി നിലപാട്. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ് മുത്വലാഖ് ഓര്‍ഡിനന്‍സെന്നും അതിനാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
നേരത്തെ ഇതു സംബന്ധിച്ച ആദ്യ ഓര്‍ഡിനന്‍സിനെതിരേ സമസ്ത സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ സ്വാഭാവികമായും അസാധുവാകുന്നതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനിടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റുകക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടതോടെ സമസ്ത ഹരജി പിന്‍വലിച്ചിരുന്നു. ഹരജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പ്രസക്തമാണെന്നും എന്നാല്‍, ഇപ്പോഴത്തെ ഘട്ടത്തില്‍ കേസിന്റെ മെറിറ്റിലേക്കു പോയി വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമില്ലെന്നും ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ നിയമമായി വരികയോ കാലാവധി തീരുന്ന മുറക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുകയോ ചെയ്താല്‍ അത് ചോദ്യംചെയ്ത് സമസ്തക്ക് കോടതിയെ സമീപിക്കാമെന്നും അന്ന് ചീഫ്ജസ്റ്റിസ് വാക്കാല്‍ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് സമസ്ത വീണ്ടും കോടതിയെ സമീപിച്ചത്. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന 14, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച 21 വകുപ്പുകള്‍ക്ക് ഓര്‍ഡിനന്‍സ് എതിരായതിനാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സമസ്തയുടെ വാദം. കേസില്‍ സമസ്തയ്ക്കുവേണ്ടി പി.എസ് സുല്‍ഫിക്കര്‍ അലിയും മുഹമ്മദ് ത്വയ്യിബ് ഹുദവിയും ഹാജരായി.
ചീഫ് ജസ്റ്റിസിന്റെ
നിലപാട് ഖേദകരം
ന്യൂഡല്‍ഹി: മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ചുമത്തിക്കൊണ്ടുള്ള മുത്വലാഖ് രണ്ടാം ഓര്‍ഡിനന്‍സിനെതിരേ ഫയല്‍ ചെയ്ത ഹരജി കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയത് ഖേദകരമാണെന്ന് കേസിലെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രതികരിച്ചു.
മുത്വലാഖ് രണ്ടാം ഓര്‍ഡിനന്‍സിലൂടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്ന മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹരജി ഫയല്‍ ചെയ്തിരുന്നത്. ഹരജി പരിഗണിക്കവെ തങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് തള്ളിയത്. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് അദ്ദേഹത്തിനെതിരേ ജുഡിഷ്യറിയുടെ അന്തസ് തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പത്രസമ്മേളനം നടത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മൗലികാവകാശ ലംഘനത്തെക്കുറിച്ചുള്ള ഹരജി കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി തള്ളിയത് വിരോധാഭാസവും അപകടകരവുമാണ്.
ജുഡിഷ്യറിയുടെ നിഷ്പക്ഷ സ്വഭാവം കാത്ത് സൂക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്ക് കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."