ദിനകരനെ പുറത്താക്കാന്‍ നീക്കം തുടങ്ങി
ചെന്നൈ: അണ്ണാ ഡി.എം.കെ ശശികല വിഭാഗത്തില്‍ കലാപം. ശശികലയുടെ ബന്ധുവും പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറിയുമായ ടി.ടി.വി ദിനകരനെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് കലാപക്കൊടി ഉയര്‍ത്തി രംഗത്തെത്തിയത്. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ദിനകരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയത് ആര്‍.കെ. നഗര്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ ആണ് ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികലയുടെ പാര്‍ട്ടി പണമിറക്കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിനു പിന്നാലെയാണ് ദിനകരനെതിരായി പാളയത്തില്‍ പടയൊരുക്കം തുടങ്ങിയത്.
ശശികലയുടെ അടുത്ത അനുയായിയായ ആരോഗ്യമന്ത്രി സി. വിജയ്ഭാസക്കറിന്റെ വസതിയിലടക്കം 30ലധികം സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നത്. ഇവിടങ്ങളില്‍ നിന്ന് കോടികള്‍ പിടിച്ചെടുക്കുകയും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. വോട്ടര്‍മാര്‍ക്ക് 4,000 രൂപ വിതമാണ് പാര്‍ട്ടി നല്‍കിയത്. ഇതിനായി ഏതാണ്ട് 89 കോടി രൂപ ചെലവഴിച്ചെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
വോട്ടിന് പണം നല്‍കിയ കേസില്‍ വിജയ്ഭാസ്‌ക്കറിന് പുറമെ മൂന്ന് മന്ത്രിമാര്‍ക്കെതിരേയും ആദായ നികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. ഈ മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ്ഭാസ്‌ക്കര്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരേ നടപടി വേണമെന്ന ആവശ്യത്തെ ടി.ടി.വി ദിനകരന്‍ അനുകൂലിച്ചിരുന്നില്ല. അധികാരത്തര്‍ക്കത്തിനിടയില്‍ എം.എല്‍.എമാരെ ശശികലക്കൊപ്പം നിര്‍ത്താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ആളായിരുന്നു വിജയ്ഭാസ്‌ക്കര്‍. അതേസമയം സര്‍ക്കാരിനെ സംരക്ഷിക്കാനും ദിനകരനെ പുറത്താക്കാനുമാണ് നേതാക്കളുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."