സൂര്യാതപം: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സൂര്യാതപമേറ്റവരുടെ ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സൂര്യാതപമേറ്റാല്‍ ഉയര്‍ന്ന ശരീരതാപം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം.സൂര്യാതപത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാതപത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം. മുതിര്‍ന്ന പൗരന്മാര് (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസിന് താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാതപം മൂലം കുഴഞ്ഞുവീണാല്‍ അടിയന്തര ചികിത്സ നല്‍കണം. മരിച്ചാല്‍ മൃതദേഹം ആശുപത്രിയിലെത്തിച്ച് സൂര്യാതപം മൂലമാണ് മരണമെന്ന് ഉറപ്പുവരുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."