നെറ്റ്‌വര്‍ക്ക് തകരാറും വൈദ്യുതി തടസവും റേഷന്‍ വിതരണത്തെ ബാധിക്കുന്നു
കൊയിലാണ്ടി: റേഷന്‍ കടകളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയതിനാല്‍ നെറ്റ്‌വര്‍ക്കിലുണ്ടാകുന്ന തകരാറുകളും വൈദ്യുതിയുടെ അഭാവവും റേഷന്‍ വിതരണത്തെ ബാധിക്കുന്നതായി പരാതി. റേഷന്‍ വാങ്ങാനെത്തുന്നവര്‍ ഇ-പോസ് മെഷീനില്‍ വിരലടയാളം പതിക്കണം.
ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള സിം കാര്‍ഡുകള്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ സെര്‍വറുമായി കണക്റ്റ് ചെയ്താണ് ഓണ്‍ലൈന്‍ റേഷന്‍ വിതരണം സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നം കാരണം പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വിതരണം മുടങ്ങുന്നുണ്ട്.
കൊയിലാണ്ടി താലൂക്കിലെ ഭൂരിപക്ഷം റേഷന്‍ കടകളിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തില്‍ യന്ത്രം പണിമുടക്കുന്നത് പതിവ് സംഭവമാണ്.
മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും റേഷന്‍ ലഭിക്കാതെ തിരിച്ച് പോകേണ്ടി വരുന്നത് വാക്കുതര്‍ക്കങ്ങള്‍ക്കും, കയ്യാങ്കളിക്കും കാരണമാകുന്നു. സിസ്റ്റം തകരാറാണന്നും നെറ്റ് ലഭ്യമല്ലെന്നും പറഞ്ഞ് കാര്‍ഡുടമകളെ തിരിച്ചയക്കുന്നത് പതിവാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കാലവര്‍ഷം കനത്തതോടെ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നതും റേഷന്‍ വിതരണത്തെ ബാധിക്കുന്നുണ്ട്. കാര്‍ഡുടമകളുടെ ഫിംഗര്‍പ്രിന്റ് എടുക്കുന്നതിലും സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്നുണ്ട്. കാര്‍ഡുടമ തന്നെ റേഷന്‍ വാങ്ങാനെത്തണമെന്ന നിയമം രോഗികളെയും പ്രായമായവരെയും ദുരിതത്തിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."